‘ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ?’ എന്ന് ആരാധിക; രസികന്‍ മറുപടി നല്‍കി പൃഥ്വിരാജ്

ലംബോര്‍ഗിനിയില്‍ റൈഡ് തരുമോ? എന്നു ചോദിച്ച് ആരാധികയ്ക്ക് രസികന്‍ മറുപടി നല്‍കി പൃഥ്വിരാജ്. കലാഭവന്‍ ഷാജോണ്‍ ഒരുക്കിയ ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി മനോരമ ഓണ്‍ലൈന്‍ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലായിരുന്നു സംഭവം.

കാര്‍പ്രേമിയായ സഹോദരനു വേണ്ടിയായിരുന്നു പൃഥ്വിയോടുള്ള ആരാധികയുടെ ചോദ്യം. ‘ലംബോര്‍ഗിനിയില്‍ ഒരു റൈഡ് തരാമായിരുന്നു. പക്ഷേ, ഇപ്പോഴത്തെ കൊച്ചി റോഡിലൂടെ നിങ്ങളെ ലംബോര്‍ഗിനിയില്‍ കയറ്റി കൊണ്ടുപോയാല്‍ നിങ്ങള്‍ എന്നെ ചീത്ത വിളിക്കുമോ എന്നെനിക്ക് സംശയമുണ്ട്.’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

ലംബോര്‍ഗിനി എത്ര വേഗതയില്‍ ഓടിച്ചിട്ടുണ്ട് എന്നും ചോദ്യം വന്നു. ‘ഇവിടെ നിന്ന് കൊച്ചിയിലെ എന്റെ വീട്ടിലേക്ക് ഒരു ഓട്ടോറിക്ഷയ്ക്ക് എത്ര വേഗത്തില്‍ പോകാമോ അത്രയും വേഗത്തില്‍ മാത്രമേ ലംബോര്‍ഗിനിക്കും പോകാന്‍ കഴിയൂ. അതാണ് നമ്മുടെ റോഡിന്റെ അവസ്ഥയുടെ യാഥാര്‍ത്ഥ്യം.’ പൃഥ്വിരാജ് മറുപടിയായി പറഞ്ഞു.

കോടികള്‍ വാരിയ ലൂസിഫര്‍ എന്ന മെഗാഹിറ്റ് ചിത്രം സംവിധാനം ചെയ്തതിനു ശേഷം പൃഥ്വി നായകനായി അഭിനയിക്കുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ഷാജോണിന്റെ കന്നി സംവിധാന സംരംഭമായ ചിത്രത്തില്‍ ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ പ്രസന്ന, കോട്ടയം നസീര്‍, ധര്‍മജന്‍, വിജയരാഘവന്‍, പൊന്നമ്മ ബാബു തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ജിത്തു ദാമോദറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.