'മേല്‍വിലാസം പേരിട്ട് കുളമാക്കിയ സിനിമ' എന്ന് ആരാധകന്‍; മറുപടി നല്‍കി സംവിധായകന്‍

സൈനിക കോടതിയിലെ വിചാരണ പ്രമേയമാക്കി ഒമാധവ് രാമദാസന്‍ ഒരുക്കിയ ചിത്രമാണ് “മേല്‍വിലാസം”. സുരേഷ് ഗോപി നായകനായെത്തിയ ചിത്രം വ്യത്യസ്ത പ്രമേയമാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. വലിയ ബോക്‌സോഫീസ് വിജയം നേടിയില്ലെങ്കിലും ഒരു വിഭാഗം പ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തു.

എന്നാല്‍ മേല്‍വിലാസം പേരിട്ട് കുളമാക്കിയ ചിത്രം എന്നാണ് അടുത്തിടെ ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇതിന് മറുപടിയുമായി സംവിധായകനും എത്തി. “”ഇതു ഒരു സുഹൃത്തിന്റെ സ്‌നേഹത്തോടെയുള്ള അഭിപ്രായമാണ്. തീര്‍ച്ചയായും ഇതിനെ ഞാന്‍ മാനിക്കുന്നു. ഇതേപോലെ നിങ്ങളുടെയും കാഴ്ചപ്പാട് പങ്കു വെക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു…”” എന്നാണ് മാധവ് രാമദാസന്റെ മറുപടി.

ആരാധകന്റെ കുറിപ്പ്:

മാധവ് രാമദാസന്‍. മേല്‍വിലാസം, അപ്പോത്തിക്കിരി, ഇളയരാജ എന്നീ സിനിമകളുടെ സംവിധായകന്‍.
മൂന്നും മികച്ച സിനിമകളാണ്.
മാധവ് രാമദാസന്‍ എന്ന വ്യക്തിയെ കുറിച്ച് ഒരു പാട് കാര്യങ്ങള്‍ എനിക്ക് പറയാന്‍ സാധിക്കും പക്ഷെ അദ്ദേഹത്തിന്റെ മേല്‍വിലാസം എന്ന സിനിമയെ കുറിച്ചാണ് ഞാന്‍ കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുനത്, കാരണം സിനിമയെ അതിയായി ഇഷ്ടപ്പെടുന്ന പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ ഒരു പക്ഷെ അധികം കാണാതെ പോയ ഒരു സിനിമയാണ് മേല്‍വിലാസം.
പല രാജ്യങ്ങളില്‍ നിന്നുള്ള വിവിധ ഭാഷകളിലുള്ള സിനിമ ആസ്വദിക്കുന്ന ഒരു തലമുറ ഈ സിനിമയും കൂടി കാണണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ എഴുതുന്നത്.
ലോക ശ്രദ്ധയാകര്‍ഷിച്ചതും നിരവധി പ്രത്യേകതകള്‍ ഉള്ളതുമായ സിനിമായാണ് 2011 ല്‍ റിലീസ് ആയ മേല്‍വിലാസം. പട്ടാള കോടതിയുടെ കഥ പറയുന്ന സിനിമ, പുര്‍ണ്ണമായും ഒരു മുറിക്കകത്ത് ചിത്രീകരച്ച ലോകത്തിലെ അപുര്‍വ്വം സിനിമകളിലൊന്ന്. ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും ഇന്ത്യന്‍ പനോരമ യിലേക്കും തെരഞ്ഞെടുത്ത ഈ സിനിമയയുടെ സംവിധായകനെ തേടി പുതുമുഖ സംവിധായകനുള്ള Gollapudi Srinivas National Award ഉം എത്തി.
മനുഷ്യന്‍ എത്രത്തോളം പുരോഗതി പ്രാപിച്ചുവെന്ന് പറഞ്ഞാലും ഉന്നത വിദ്യാഭ്യാസം ലഭിച്ചാലും അവന്റെ ഉള്ളിലുള്ള ജാതിബോധം വിട്ടുമാറുന്നില്ല. ജാതി,വര്‍ണ്ണ വിവേചനം കാലങ്ങളായി നടന്നു കൊണ്ടിരിക്കുന്നതും ഇപ്പോഴും ലോകമെമ്പാടും നിര്‍ബാധം തുടരുകയും അതിനെതിരെ പ്രധിഷേധങ്ങള്‍ നടക്കുകയും ചെയ്യുന്നു.
പട്ടിയെയും പൂച്ചയേയും വാരിയെടുത്ത് ഉമ്മ വെയ്ക്കുന്ന ഒരു മനുഷ്യന്‍ അവന്റെ തൊട്ട് മുമ്പില്‍ കരിവാളിച്ച തൊലിയുള്ള അല്ലെങ്കില്‍ താഴ്ന്ന ജാതിയിലുള്ള ഒരാള്‍ വന്നാല്‍ അസ്വസ്ഥനാവുന്നു. അന്നും ഇന്നും മനുഷ്യന് മാറ്റമൊന്നും ഇല്ല. ഇന്ത്യന്‍ സിനിമയില്‍ തന്നെ ശക്തമായ രീതിയില്‍ ജാതി വിവേചനം ചര്‍ച്ച ചെയ്യുന്ന സിനിമയാണ് മേല്‍വിലാസം.
കഴിഞ്ഞ പത്ത് വര്‍ഷത്തിലെ മികച്ച മലയാള സിനിമകളില്‍ ഒന്നായിട്ടാണ് മിക്ക നിരുപകരും ഈ സിനിമയെ വാഴ്ത്തുന്നത്. മേലുദ്യോഗസ്ഥെനെ വെടിവെച്ച് കൊന്ന ജവാന്റെ വിചാരണ അവസാനിക്കുമ്പോള്‍, സിനിമ കണ്ടിറക്കുന്ന പ്രേക്ഷകന്‍ എത്ര കഠിന ഹൃദയനായാലും ഒരു തുള്ളി കണ്ണ് നിറയാതെ സ്‌ക്രീനിന്റെ മുന്നില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കില്ല.
ഓഫീസറുടെ കടുത്ത ജാതി അധിക്ഷേപങ്ങള്‍ക്കും നിരന്തരമായ പീഡനങ്ങള്‍ക്കും വിധേയനാകേണ്ടി വന്ന നിസ്സഹയകനായ ജവാന്‍. പാറാവ് സ്യൂട്ടിക്കിടെ സകല നിയന്ത്രണവും വിട്ട് മേലുദ്യോഗസ്ഥരെ വെടിവെക്കുന്നു.
ഒരു കുറ്റകൃത്യവും അതിലേക്ക് നയിച്ച സംഭവങ്ങളുടെയും വിചാരണ,സ്‌ക്രിനില്‍ നിന്നും ഒരു നിമിഷം പോലും കണ്ണെടുക്കാതെ പ്രേക്ഷകനെ അവസാനം വരെ പിടിച്ച് നിര്‍ത്തുന്ന സിനിമയാണ് മേല്‍വിലാസം.
കഥയിലെ നിരവധി സംഭവങ്ങളെ ഒരു ഫ്‌ലാഷ് ബാക്ക് പോലും കാണിക്കാതെ കഥാ പാത്രങ്ങളുടെ വാക്കുകളില്‍ കൂടി മാത്രം കേട്ടിട്ടും അത് കണ്‍മുന്‍പില്‍ നേരിട്ട് കണ്ട അനുഭവമാണ് കഴ്ചക്കാരന് ലഭിക്കുന്നത് .
എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതിന്റെ സൗണ്ട് ഡിസൈനിങ്ങ് & മിക്‌സിങ്ങ് പ്രേക്ഷകന് ഒരിക്കലും ഒരു മുറിയില്‍ നില്‍ക്കുകയാണെന്ന തോന്നല്‍ ഉണ്ടാവില്ല, ശരിക്കും പട്ടാളത്തിന്റെ ഹെഡ് കോട്ടേഴ്‌സിലെ കോടതിയില്‍ നില്ക്കുന്ന ഫീല്‍ അണ് സിനിമ കാണുമ്പോള്‍ ഉണ്ടാക്കുന്നത്. അത്രമാത്രം സൂഷ്മതയോടെയാണ് ശബ്ദ നിയന്ത്രണം നീര്‍വ്വഹിച്ചിരിക്കുന്നത്.
സുരേഷ് ഗോപി, പാര്‍ത്ഥിപന്‍, തലയ് വാസല്‍ വിജയ്, കൃഷ്ണകുമാര്‍, അശോകന്‍ തുടങ്ങിയ നടന്‍മാരുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രമാണ് മേല്‍വിലാസത്തിലൂടെ അവതരിപ്പിക്കുന്നത്.
പുറത്തിറങ്ങി പത്ത് വര്‍ഷത്തോളമായിട്ടും മേല്‍വിലാസം എന്ന സിനിമയും അത് ഉയര്‍ത്തുന്ന പ്രമേയവും ഇന്നും പ്രസക്തിയുള്ളതാണ്.