ശ്യാമപ്രസാദ് ചിത്രത്തില്‍ നായകന്‍ എം.ജി ശ്രീകുമാറോ?; സത്യമിതാണ്

മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍ നായകനാകുന്നു എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. വളരെ വേഗം തന്നെ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അറുപത് വയസ് കഴിഞ്ഞ ഒരു ഗായകന്റെ ജീവിത കഥയാണ് എം.ജി ശ്രീകുമാറിനെ നായകനാക്കി ഒരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് ശ്യാമപ്രസാദും എം.ജി ശ്രീകുമാറും പ്രതികരിച്ചത്.

‘വാര്‍ത്ത കണ്ട് ഞാനും അതിശയിച്ചു. സിനിമ പ്രഖ്യാപിക്കപ്പെട്ടു എന്ന തരത്തിലാണ് പല റിപ്പോര്‍ട്ടുകളും. പക്ഷേ, സത്യം അതല്ല. ഒരു സൗഹൃദ സദസ്സില്‍ വെച്ച്, ഇങ്ങനെ ഒരു ആശയം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. പക്ഷേ, അതൊരു സിനിമയുടെ രൂപത്തിലേക്കെത്തിയിട്ടില്ല. പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ല.’ വനിതയുമായുള്ള അഭിമുഖത്തില്‍ ശ്യാമപ്രസാദ് പറഞ്ഞു.

ആരൊക്കെയോ വെറുതേ ഉണ്ടാക്കിയ ഒരു വാര്‍ത്തയാണിതെന്നും താന്‍ ഇങ്ങനെ ഒരു സിനിമയെ കുറിച്ച് എവിടെയും പറഞ്ഞിട്ടില്ലെന്നുമായിരുന്നു എം.ജി ശ്രീകുമാറിന്റെ പ്രതികരണം. അതേസമയം, ശങ്കര്‍ രാമകൃഷ്ണന്റെ തിരക്കഥയില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എന്ന ചിത്രത്തില്‍ എം.ജി. ശ്രീകുമാര്‍ മുഴുനീള വേഷം അവതരിപ്പിച്ചിട്ടുണ്ട്. റിലീസാകാത്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് നായകന്‍.

ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, പട്ടാഭിരാമന്‍ എന്നീ ചിത്രങ്ങളിലാണ് എം. ജി. ശ്രീകുമാര്‍ ഒടുവില്‍ പാടിയിട്ടുള്ളത്.