'ഞാന്‍ പെട്ടു പോയതാണ്' എന്ന് ഫഹദ്; സംഭവത്തെ കുറിച്ച് മഹേഷ് നാരായണന്‍

മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രം മാലിക് ജൂലൈ 15ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് എത്തുകയാണ്. പീരിയഡ് ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സുലൈമാന്‍ മാലിക് എന്ന കഥാപാത്രമായാണ് ഫഹദ് വേഷമിടുന്നത്. മാലിക്കില്‍ താന്‍ പെട്ടു പോയതാണ് എന്നാണ് ഫഹദ് പറയുന്നത്.

മാലിക് താന്‍ വളരെ നേരത്തെ തന്നെ ചെയ്യാന്‍ വെച്ചിരുന്ന പടമായിരുന്നു എന്നാണ് മഹേഷ് നാരായണന്‍ പറയുന്നത്. ടേക്ക് ഓഫിന് മുമ്പ് ഫഹദിനോട് പറയുന്ന ആദ്യ കഥ മാലികിന്റേതായിരുന്നു. ഇതിന് പിന്നാലെയാണ് താന്‍ പെട്ടു പോയതാണെന്ന് ഫഹദ് പറയുന്നത്.

ആദ്യം കഥ പറഞ്ഞതു കൊണ്ട് പിന്നെ മാറ്റി പറയാന്‍ പറ്റിയില്ലെന്നും ഫഹദ് നര്‍മ്മത്തോടെ പറഞ്ഞു. 2011ല്‍ ബംഗ്ലൂരുവില്‍ വെച്ച് ഫഹദുമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ സിനിമയാണിത്. ചെയ്യാന്‍ 2019 ആയി. സിനിമ വൈകാന്‍ കാരണം ബജറ്റ് ആയിരുന്നു. ഇത്രയും ബജറ്റ് വേണമെങ്കില്‍ നമ്മള്‍ ആദ്യം ഒരു സിനിമ ചെയ്ത് തെളിയിക്കണം.

ടേക്ക് ഓഫ് വിജയിച്ചില്ലായിരുന്നെങ്കില്‍ മാലിക് നടക്കില്ലായിരുന്നു എന്നും മഹേഷ് നാരായണന്‍ വ്യക്തമാക്കി. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.