ഫഹദിന്റെ വിഷുക്കൈനീട്ടം 'അതിരന്‍' ഫാമിലി ത്രില്ലര്‍; ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്

ഫഹദ് ഫാസിലും സായി പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന “അതിരന്‍” വിഷു റിലീസായി തിയേറ്ററില്‍ എത്തുകയാണ്. ഒരിടവേളയ്ക്ക് ശേഷം സായി പല്ലവി മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം ഒരു ഫാമിലി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 15 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മൂന്നു പാട്ടുകളും നാല് ഫൈറ്റ് രംഗങ്ങളും ചേസിംഗും ചിത്രത്തിന്റെ ഭാഗമാണ്.

ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഏറെ നിഗൂഢതകള്‍ നിറഞ്ഞ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. മനോരോഗമുള്ള പെണ്‍കുട്ടിയായി സായി പല്ലവിയും മനോരോഗ വിദഗ്ധന്റെ വേഷത്തില്‍ ഫഹദും അഭിനയിക്കുന്നു. ടീസറില്‍ നിന്ന് ഒരു ഹൊറര്‍ ചിത്രമാണ് അതിരന്‍ എന്ന സംശയം കാഴ്ച്ചക്കാരില്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ചിത്രം ഒരു പക്കാ ഫാമിലി ത്രില്ലറായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

നവാഗതനായ വിവേക് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് പി.എഫ് മാത്യൂസാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഫഹദ് ഫാസിലിനും സായ് പല്ലവിക്കും പുറമെ അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, രഞ്ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, പി.ബാലചന്ദ്രന്‍, ലെന, വിജയ് മേനോന്‍, സുരഭി ലക്ഷ്മി, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ്, ശിവദാസ്, രാജേഷ് ശര്‍മ്മ, വി.കെ ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അനു മൂത്തേടത്താണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പി.എസ്. ജയഹരി സംഗീതവും ജിബ്രാന്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്ന സിനിമയുടെ എഡിറ്റിംഗ് അയൂബ് ഖാനാണ് നിര്‍വഹിക്കുന്നത്. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.