സിനിമാപ്രവര്‍ത്തകര്‍ക്ക് പത്തു ലക്ഷം രൂപ സഹായധനം നല്‍കി 'സീ യു സൂണ്‍' ടീം

“സീ യു സൂണ്‍” സിനിമയ്ക്ക് ലഭിച്ച ലാഭത്തില്‍ നിന്നും 10 ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി നടനും ചിത്രത്തിന്റെ നിര്‍മ്മാതാവുമായ ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും. കോവിഡ് പ്രതിസന്ധിക്കിടെ ദുരിതത്തിലായ മറ്റ് സിനിമാപ്രവര്‍ത്തകരെ സഹായിക്കാനായി ഫെഫ്ക ആരംഭിച്ച കരുതല്‍ നിധിയിലേക്കാണ് തുക കൈമാറിയിരിക്കുന്നത്.

“”സീ യു സൂണ്‍ എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി. വറുതിയുടെ, അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഢ്യത്തിനും, നന്ദി, സ്‌നേഹം, സാഹോദര്യം”” എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

https://www.facebook.com/Director.Unnikrishnan.B/posts/202696874548006

കോവിഡ് കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി ആമസോണ്‍ പ്രൈം ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് സീ യു സൂണ്‍ റിലീസ് ചെയ്തത്. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചിത്രീകരിച്ച സിനിമ പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. ഫഹദ് ഫാസില്‍, റോഷന്‍ മാത്യു, ദര്‍ശന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടയ്ക്കുകയും ഷൂട്ടിംഗ് മുടങ്ങുകയും ചെയ്തതോടെയാണ് സിനിമ മേഖല പ്രതിസന്ധിയിലായത്. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ അടക്കമുള്ള താരങ്ങളും ഫെഫ്കയ്ക്ക് സഹായധനം നല്‍കിയിരുന്നു.