”ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ, ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം ആ ഗായകന്‍ പറഞ്ഞു; യേശുദാസിന്റെ ഇളയ സഹോദരനെക്കുറിച്ച് കുറിപ്പ്

Advertisement

യേശുദാസിന്റെ ഇളയ സഹോദരന്‍ കെ.ജെ ജസ്റ്റിനെ കഴിഞ്ഞ ദിവസമാണ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോഴിതാ ജസ്റ്റിനുമായുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗാന നിരൂപകന്‍ രവി മേനോന്‍. നല്ലൊരു ഗായകനായിരുന്നു അദ്ദേഹമെന്നും എന്നാല്‍ പിന്നീടെപ്പോഴോ സംഗീതത്തില്‍ നിന്നകലുകയായിരുന്നു എന്നുമാണ് രവി മേനോന്‍ കുറിച്ചത്.

യേശുദാസിനെ കുറിച്ചുള്ള ‘അതിശയരാഗം” എന്ന പുസ്തകത്തിന്റെ രചനക്കിടയില്‍ പത്തു വര്‍ഷം മുന്‍പാണ് ജസ്റ്റിനുമായി ബന്ധപ്പെട്ടത്. ജ്യേഷ്ഠനുമായി ശബ്ദസാമ്യമുണ്ടെന്ന് പലരും പറഞ്ഞുകേട്ടിട്ടുള്ള, ആദ്യകാലത്ത് ധാരാളം ഗാനമേളകളില്‍ പാടിയിട്ടുള്ള ജസ്റ്റിന്‍ പിന്നീട് എങ്ങുപോയി മറഞ്ഞു എന്നറിയാന്‍ പലര്‍ക്കും താല്പര്യം ഉണ്ടാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ ജസ്റ്റിന്‍ പറഞ്ഞു: ”ആരും അറിയാതെ ഞാന്‍ ഇങ്ങനെ ജീവിച്ചുപോകട്ടെ. ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം….”

നല്ലൊരു ഗായകനായിരുന്നു ജസ്റ്റിന്‍. കൂടപ്പിറപ്പുകളായ മണിക്കും ജയമ്മക്കും ഒപ്പം ഗാനഗന്ധര്‍വന്റെ അമേരിക്കന്‍ പര്യടനത്തില്‍ വരെ പങ്കെടുത്തിട്ടുള്ള ആള്‍. പിന്നീടെപ്പോഴോ ജസ്റ്റിന്‍ സംഗീതത്തില്‍ നിന്നകന്നു; സംഗീതം ജസ്റ്റിനില്‍ നിന്നും. മകന്റെ അകാലമരണമായിരുന്നു ഏറ്റവും വലിയ ആഘാതം. ഏകാന്തതയുടെ തുരുത്തില്‍ നിന്ന് പിന്നീടൊരിക്കലും പുറത്തുകടക്കാന്‍ ആഗ്രഹിച്ചില്ല അദ്ദേഹം. ഇപ്പോഴിതാ അറുപത്തിരണ്ടാം വയസ്സില്‍ മരണം വന്ന് ജസ്റ്റിനെ കൂട്ടിക്കൊണ്ടുപോയിരിക്കുന്നു….

ആദരാഞ്ജലികള്‍, പ്രാര്‍ത്ഥനകള്‍ …