എസ്രയുടെ ഹിന്ദി റീമേക്കിന് ആരംഭം; രഞ്ജനായി ഇമ്രാന്‍ ഹാഷ്മി

പൃഥ്വിരാജിനെ നായകനാക്കി ജയ് കൃഷ്ണ സംവിധാനം ചെയ്ത ഹൊറര്‍ ചിത്രം എസ്ര ഹിന്ദി റീമേക്കിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് നായകനായെത്തുന്നത്. ജയ് ആര്‍ . കൃഷ്ണ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഭൂഷണ്‍ കുമാര്‍, കുമാര്‍ മങ്കത് പഥക്, കൃഷന്‍ കുമാര്‍, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുംബൈയിലും മൗറീഷ്യസിലുമായിട്ടാണ് ചിത്രീകരണം. സിനിമയിലെ മറ്റു കഥാപാത്രങ്ങളെ വെളിപ്പെടുത്തിയിട്ടില്ല. 2017- ല്‍ മലയാളത്തിലിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് എസ്ര. ജൂത പശ്ചാത്തലത്തിലുള്ള ആദ്യ ഇന്ത്യന്‍ ഹൊറര്‍ ചിത്രമെന്ന വിശേഷണവും എസ്രയ്ക്കുണ്ട്.

രഞ്ജന്‍ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തിയത്. മലയാളത്തില്‍ പ്രിയ ആനന്ദായിരുന്നു നായിക. ടൊവിനോ, സുദേവ് നായര്‍, വിജയ രാഘവന്‍, ബാബു ആന്റണി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍വിജയമാണ് നേടിയത്.