'മാസ്റ്റര്‍' ഇനി പുതിയ ദൃശ്യാനുഭവത്തില്‍; 'ക്രിസ്റ്റി ആര്‍.ജി.ബി ലേസര്‍ സിനി ലൈഫ്' പ്രൊജക്ടര്‍ സ്‌ക്രീനിംഗ്, ഇടപ്പള്ളി വനിത വിനീതയില്‍ നാളെ മുതല്‍

കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അടച്ച കേരളത്തിലെ തിയേറ്ററുകള്‍ നാളെ ജനുവരി 13ന് തുറക്കുകയാണ്. ആദ്യ സിനിമയായി വിജയ്‌യുടെ “മാസ്റ്റര്‍” എത്തുമ്പോള്‍ എറണാകുളത്തെ ഇടപ്പള്ളി വനിതാ വിനീത തിയേറ്ററില്‍ 2020ലെ ഹൈടെക് റിയല്‍ ലേസര്‍ ഇല്ല്യുമിനേഷന്‍ ടെക്‌നോളജിയിലൂടെ ആരാധകര്‍ക്ക് സിനിമ കാണാം.

കേരളത്തില്‍ മികച്ച വിഷ്വല്‍ ക്വാളിറ്റിയോടെ 35അടി വീതിയില്‍ 15 അടി നീളത്തില്‍ സിനിമയുടെ എല്ലാവിധ ദൃശ്യഭംഗിയോടെയും കാണാന്‍ കഴിയുന്ന ആദ്യ തിയേറ്ററായി വനിത വിനീത മാറുകയാണ്. രണ്ടു വര്‍ഷം മുമ്പാണ് കാട്ടാക്കടയിലെ തിയേറ്ററില്‍ ഇതിനു മുമ്പുള്ള വേര്‍ഷന്‍ വന്നത് എന്നാല്‍ 2020-21 വര്‍ഷത്തെ അപ്‌ഡേറ്റഡ് വേര്‍ഷനോടെയാണ് പുതിയ ലേസര്‍ പ്രൊജക്ഷന്‍ തിയേറ്ററില്‍ വെച്ചിരിക്കുന്നത്.

ഇതിനായി തിയേറ്ററിലെ 1, 2 സ്‌ക്രീനുകളാണ് സെറ്റ് ചെയ്തത് കൂടാതെ ഇതുവരെ ഉണ്ടായിരുന്ന സ്‌ക്രീനും മാറ്റിയിരിക്കുകയാണ്. ഏകദേശം 80 ലക്ഷത്തോളം രൂപയാണ് പ്രൊജക്ടറിന്റെ വില ഈ വിലയിലുള്ള 2 പ്രൊജക്ടറുകള്‍ ആണ് തിയേറ്ററില്‍ സെറ്റ് ചെയ്തിരിക്കുന്നത്. നാളെ മുതല്‍ വനിതാ വിനീതയില്‍ ഇതുവരെ കാണാത്ത ദൃശ്യാനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മാസ്റ്റര്‍. ലൊകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തില്‍ വിജയ് നായകനാകുമ്പോള്‍ വിജയ് സേതുപതി വില്ലന്‍ വേഷത്തിലെത്തുന്നു. ഫോര്‍ച്യൂണ്‍ സിനിമാസും മാജിക് ഫ്രെയിംസുമാണ് മാസ്റ്റര്‍ കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.