ഈ.മ.യൗ. - ഈ പല്ലിശ്ശേരി സിനിമയ്ക്കായി കാത്തിരിക്കാന്‍ കാരണങ്ങളേറെ

അനീഷ് മാത്യു

അങ്കമാലി ഡയറീസിന് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ.മ.യൗവിന് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇന്നലെ രാത്രി ഒമ്പത് മണിക്ക് പിവിആര്‍ സിനിമാസില്‍ ഈ.മ.യൗവിന്റെ ആദ്യ പ്രിവ്യു ഷോ നടന്നു. ഇതിന് പിന്നാലെ സിനിമ കണ്ടിറങ്ങിയ മാധ്യമ പ്രവര്‍ത്തകരും ഓണ്‍ലൈന്‍ സിനിമാ പ്രമോട്ടര്‍മാരും സിനിമയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും വലിയ അഭിപ്രായമാണ് സിനിമയെക്കുറിച്ച് ഉയര്‍ത്തുന്നത്.

പുതുമുഖങ്ങളെവെച്ച് അങ്കമാലി ഡയറീസ് ഒരുക്കിയപ്പോഴും ഡബിള്‍ ബാരലിന് ശേഷം ഇറങ്ങുന്ന സിനിമ എന്നതിനാല്‍ അമിതപ്രതീക്ഷ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നില്ല. എന്നാല്‍, സിനിമ ഇറങ്ങി ആദ്യ ദിവസം തൊട്ടുതന്നെ മികച്ച അഭിപ്രായമുണ്ടായതോടെ ടിക്കറ്റ് പോലും കിട്ടാനില്ലാത്ത സാഹചര്യമുണ്ടായി. അങ്കമാലിക്ക് ശേഷം ഇറങ്ങുന്ന ചിത്രമായതിനാല്‍ ഈ.മ.യൗവിനെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വലിയ പ്രതീക്ഷയാണ്. ഒരു വര്‍ഷം തന്നെ രണ്ടു മാജിക്കല്‍ സിനിമകള്‍ ഇറക്കി മലയാള സിനിമയുടെ നട്ടെല്ലാകുകയാണ് ലിജോ ജോസ് പല്ലിശ്ശേരി.

കമ്മട്ടിപ്പാടത്തിലെ വിനായകന്‍ അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുന്ന ഒന്നാണ്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ഉള്‍പ്പെടെ വിനായകന് വാങ്ങികൊടുത്ത ആ കഥാപാത്രത്തെക്കാള്‍ മികച്ച് നില്‍ക്കുന്ന കഥാപാത്രമാണ് ഈ.മ.യൗവിലെ എന്നാണ് ഇന്നലെ സിനിമ കണ്ട് ഇറങ്ങിയ മാധ്യമ സുഹൃത്തുക്കള്‍ പങ്കുവെച്ച വിവരം. ചെമ്പന്‍ വിനോദിന് കരിയറില്‍ എടുത്തുപറയാന്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളുണ്ട്. അവയില്‍നിന്നെല്ലാം വേറിട്ട് നില്‍ക്കുന്നതും കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമാണ് ഈ സിനിമയിലെ കഥാപാത്രമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

അങ്കമാലിക്ക് കൊഴുപ്പേകാന്‍ മ്യൂസുക്കാണ്ടിരുന്നെങ്കില്‍ ഈ ചിത്രത്തില്‍ ടൈറ്റില്‍ ക്രെഡിറ്റ് സോങ് മാത്രമാണുള്ളതെന്നാണ് വിവരം. ബിജിഎമ്മിനും കാര്യമായ പ്രാധാന്യമില്ല. കഥയ്ക്കും സിനിമയുടെ മെയ്ക്കിങിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ഇങ്ങനെ നിരവധി ഘടകങ്ങള്‍ ഒത്തിണങ്ങുമ്പോള്‍ ഈ.മ.യൗവിന്റെ റിലീസിന് തിയേറ്റര്‍ പൂരപറമ്പാകും.

https://www.facebook.com/meghak.mathai.5/posts/2007005212912281

https://www.facebook.com/geetu.mohandas/posts/1639342072795180

https://www.facebook.com/vivekranjit/posts/10155378246139888

മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുള്ള എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.എഫ്. മാത്യൂസാണ് ഈ.മ.യൗവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കുട്ടിസ്രാങ്കിനായിരുന്നു മാത്യൂസിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. തീരദേശം പ്രമേയമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ മാത്യൂസ് ഒരുക്കിയിരിക്കുന്നത്. കൊച്ചി, ചെല്ലാനം, കണ്ണമാലി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണവും മറ്റും. ദിലീഷ് പോത്തന്‍, വിനായകന്‍, ചെമ്പന്‍ വിനോദ് തുടങ്ങി പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നവര്‍ മാത്രമാണ് അറിയപ്പെടുന്ന നടന്മാര്‍. ബാക്കി എല്ലാവരും തന്നെ ലൊക്കേഷനില്‍നിന്നും മറ്റും കണ്ടെത്തിയവരാണ്.