പട്ടാളക്കാര്‍ക്ക് ആദരവുമായി 'എടക്കാട് ബറ്റാലിയന്‍ 06'; ജവാന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രത്യേക പ്രദര്‍ശനം

ഒരു പാട്ടാളക്കാരന് അവന്റെ രാജ്യത്തോടും നാടിനോടും സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമുള്ള സ്‌നേഹത്തിന്റെ കഥ പറഞ്ഞ് എടക്കാട് ബറ്റാലിയന്‍ 06 കഴിഞ്ഞ ദിവസം തിയേറ്റുകളിലെത്തി. ടൊവീനോ തോമസ് നായകനായെത്തിയ ചിത്രം പട്ടാളക്കാര്‍ക്ക് ആദരം അര്‍പ്പിക്കുന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ കഥാപാത്രങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി അങ്കമാലി കാര്‍ണിവല്‍ സിനിമാസില്‍ പ്രത്യേക ഷോ സംഘടിപ്പിച്ചിരുന്നു. പ്രദര്‍ശനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജവാന്മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ക്ഷണമുണ്ടായിരുന്നു.

ഷഫീക്ക് എന്ന പട്ടാളക്കാരന്റെ ജീവിതം പറഞ്ഞ കഥ തങ്ങള്‍ക്ക് ഏറെ അഭിമാനകരമായ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ചിത്രമാണെന്നും സൈനികരുടെ ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്ന ചിത്രമാണെന്നും ജവാന്മാരും അവരുടെ കുടുംബാഗങ്ങളും അഭിപ്രായപ്പെട്ടു. ടൊവീനോ പട്ടാള കഥാപാത്രത്തെ ഏറെ മനോഹരമാക്കിയെന്നും രണ്ടാം പകുതി ഏറെ വൈകാരികവും അഭിമാനകരവുമായ മൂഹൂര്‍ത്തമാണ് തങ്ങളില്‍ ഉളവാക്കിയതെന്നും അവര്‍ പറഞ്ഞു.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് കെ. നായരാണ് ചിത്രം സംവിധാനം ചെയ്തത്. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. സംയുക്താ മേനോന്‍ ആണ് ചിത്രത്തിലെ നായിക. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.