എന്നാലും താൻ എന്ത് ധൈര്യത്തിലാ ഇങ്ങോട്ട് കയറിപോന്നെ’- റൊമാന്റിക്ക് മൂഡിൽ എടക്കാട് ബറ്റാലിയന്റെ മൂന്നാം ടീസർ

ടൊവിനോ തോമസ് പട്ടാളവേഷത്തില്‍ എത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 ന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ടൊവീനോ തോമസാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ടീസര്‍ റിലീസ് ചെയ്തത്. ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്ന ആദ്യ ടീസറിനും അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രണ്ടാം ടീസറിനും ശേഷമാണ് പ്രണയം നിറഞ്ഞ പുതിയ ടീസർ എത്തുന്നത്. ടോവിനോയും സംയുക്ത മേനോനും അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും പ്രണയം നിറഞ്ഞ പശ്ചാത്തല സംഗീതവും ഒക്കെ ചേർന്ന ടീസർ ആണ് ഇന്ന് പുറത്തു വന്നത്.

നവാഗതനായ സ്വപ്‌നേഷ് നായരാണ് എടക്കാട് ബറ്റാലിയൻ സംവിധാനം ചെയുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യാ പിളെള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റുര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദു ചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.ചിത്രത്തിലെ ഗാനങ്ങളും മുന്നേ വന്ന ടീസറുകളും ശ്രദ്ധ നേടിയിരുന്നു.