ചിത്രീകരണം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടി അപലപനീയം; 'കടുവ'യ്ക്ക് സുരക്ഷ ഒരുക്കി ഡി.വൈ.എഫ്‌.ഐ

പൃഥ്വിരാജിന്റെ ‘കടുവ’ സിനിമയുടെ ചിത്രീകരണത്തിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. കഴിഞ്ഞ ദിവസം റോഡ് തടഞ്ഞ് സിനിമ ഷൂട്ടിംഗ് നടത്തുന്നുവെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടുവയുടെ ഷൂട്ടിംഗ് തടഞ്ഞിരുന്നു. ജോജു ജോര്‍ജിനെതിരായും ഇവര്‍ മുദ്രാവാക്യം വിളിച്ചിരുന്നു.

സിനിമ ചിത്രീകരണം തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് നടപടി അപലപനീയമാണെന്ന് കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുമായാണ് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരിക്കുന്നത്. സിനിമാ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ പിന്തുണ ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്യുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

കാഞ്ഞിരപ്പള്ളിയില്‍ വഴി തടഞ്ഞു ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ച്. പൊന്‍കുന്നത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തിയത്. 90കളില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നാണ് കടുവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കടുവാകുന്നേല്‍ കുറുവച്ചന്‍ എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേര്.

മുണ്ടക്കയം, കുമളി എന്നീ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.മാസ്റ്റേഴ്‌സ്, ലണ്ടന്‍ ബ്രിഡ്ജ് എന്നീ സിനിമകളുടെ രചയിതാവും ആദം ജോണിന്റെ സംവിധായകനുമായ ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

Read more