റെക്കോഡ് തുക വാഗ്ദാനം ചെയ്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍; വേണ്ടെന്ന് വെച്ച് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന “കുറുപ്പ്” മെയ് 28ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിനായി റെക്കോഡ് തുകയാണ് പല ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഓഫര്‍ ചെയ്തത് എന്നാണ് ചിത്രത്തിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ആ ഓഫറുകള്‍ നിരസിച്ച് ചിത്രം തിയേറ്ററില്‍ റിലീസിന് എത്തുകയാണ്.

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് കുറുപ്പ് ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ചിത്രം പെരുന്നാള്‍ റിലീസായി എത്താനിരുന്നതാണെങ്കിലും കോവിഡ് ലോക്ക്ഡൗണിനിടെ മാറ്റി വെയ്ക്കുകയായിരുന്നു. ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.