വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: ദുല്‍ഖര്‍ സല്‍മാന്‍

“വാന്‍” എന്ന തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന താക്കീതുമായി ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. DQ Online Promotions എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് തെറ്റായ വാര്‍ത്ത വന്നിരിക്കുന്നത്.

“#വാന്‍ പുതിയ പ്രൊഡക്ഷന്‍ ബാനറില്‍ ആരംഭിക്കും, പുതിയ സംഗീത സംവിധായനും അഭിനേതാക്കളും ഉണ്ടാകും, ദുല്‍ഖര്‍ സല്‍മാന്‍ നായകനായുന്ന ചിത്രത്തില്‍ നടി കിയാര അദ്വാനിയെ നായികാ വേഷം ചെയ്യാന്‍ ആയി ക്ഷണിച്ചിട്ടുണ്ട്. എല്ലാം ശരിയായി വരുകയാണെങ്കില്‍ #വാന്‍ ഉടന്‍ തന്നെ ആരംഭിക്കും” എന്നാണ് ട്വീറ്റ് പ്രചരിച്ചിരുന്നത്.

“ഇത് വ്യാജ വര്‍ത്തയാണ്. വെറുതെ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി എന്തെങ്കിലും പറഞ്ഞുണ്ടാക്കരുത്. ഞാന്‍ ഏതെങ്കിലും പുതിയ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം ഞാന്‍ തന്നെ അത് അനൗണ്‍സ് ചെയ്യും. തെറ്റായ വാര്‍ത്തകളില്‍ നടീനടന്മാരേയോ സാങ്കേതിക പ്രവര്‍ത്തകരെയോ ദയവായി ടാഗ് ചെയ്യാതിരിക്കൂ”” എന്നാണ് ദുല്‍ഖര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.