ദുല്‍ഖര്‍ വീണ്ടും ബോളിവുഡിലേക്ക്; സംവിധായകന്‍ ആര്‍. ബാല്‍കി ചിത്രം ഉടന്‍ ആരംഭിക്കും

മിഷന്‍ മംഗള്‍, പാഡ്മാന്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആര്‍. ബാല്‍കിയുടെ അടുത്ത ചിത്രത്തില്‍ നായകനാകാന്‍ ദുല്‍ഖര്‍ സല്‍മാന്‍. ലോക്ഡൗണ്‍ കാലത്ത് ഉരുത്തിരിഞ്ഞ ആശയമാണ് ഈ സിനിമ എന്നും അതിലെ കഥാപാത്രത്തിനായി ഏറ്റവും അനുയോജ്യന്‍ ദുല്‍ഖര്‍ ആണ് എന്ന ചിന്തയോടെയാണ് പ്രൊജക്ടുമായി മുന്നോട്ടു പോകുന്നത്.

ചിത്രത്തിന്റെ തിരക്കഥ മുഴുവനും പൂര്‍ത്തിയായി കഴിഞ്ഞു. പ്രീ-പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ദുരൂഹതയുണര്‍ത്തുന്ന കഥാപാത്രങ്ങളില്‍ ഒന്നാകും ദുല്‍ഖറിന്റേത്. നിര്‍മ്മാണവും ബാല്‍കി തന്നെയാകും. ഒന്നിലധികം നിര്‍മ്മാതാക്കള്‍ ചിത്രത്തിനുണ്ടാവും എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ടു ചെയ്യുന്നത്.

ചിത്രത്തിലെ നായികയെയും മറ്റ് അഭിനേതാക്കളെയും ഉടന്‍ തീരുമാനിക്കും. ചിത്രം ഉടന്‍ തന്നെ ഔദ്യോഗകമായി പ്രഖ്യാപിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ കര്‍വാന്‍ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2019ല്‍ ദ സോയ ഫാക്ടര്‍ എന്ന ചിത്രത്തില്‍ നായകനായും ദുല്‍ഖര്‍ എത്തി.

അതേസമയം, കുറുപ്പ് ആണ് ദുല്‍ഖറിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഹേയ് സിനാമിക എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് ദുല്‍ഖര്‍ ഒടുവില്‍ പൂര്‍ത്തിയാക്കിയത്. അടി എന്ന ചിത്രമാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം. ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.