ആനന്ദവല്ലിയെ അവസാനമായി കാണാന്‍ നടന്മാരോ സംവിധായകരോ വന്നില്ല, ഒരു ഡബിങ് ആര്‍ട്ടിസ്റ്റിനു വേണ്ടി എന്തിന് സമയവും പണവും ചിലവാക്കണം എന്നു കരുതിക്കാണും: ഭാഗ്യ ലക്ഷ്മി

മുന്‍നിര നായികമാര്‍ക്കടക്കം നിരവധി കഥാപാത്രങ്ങള്‍ക്കുവേണ്ടി ശബ്ദം നല്‍കിയിട്ടുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ആനന്ദവല്ലി കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. എന്നാല്‍ അവരെ അവസാനമായി കാണാന്‍ നടന്മാരോ സംവിധായകരോ എത്തിയില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യ ലക്ഷ്മി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. വലിയ വലിയ ആളുകളുടെ മരണത്തിനേ വിലയുളളുവെന്നും മാധ്യമങ്ങള്‍ നല്‍കിയ കരുതല്‍ പോലും നാല്പതു വര്‍ഷം പ്രവര്‍ത്തിച്ച സിനിമ രംഗം അവര്‍ക്ക് നല്‍കിയില്ലെന്നും ഭാഗ്യ ലക്ഷ്മി കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

അമ്പിളിക്ക് പിന്നാലെ ആനന്ദവല്ലി ചേച്ചിയും പോയി. അപ്രതീക്ഷിതമായ വേര്‍പാടുകളാണ് രണ്ട് പേരും നല്‍കിയത്..ഒരുമിച്ച് പ്രവര്‍ത്തിച്ച കാലങ്ങളുടെ ഓര്‍മ്മകളേയും അവര്‍ കൊണ്ടുപോയി. അമ്പിളിയുടെ മരണത്തില്‍ നിന്ന് മോചിതയായി വരുന്നേയുളളുഞാന്‍. വിശ്വസിക്കാനാവാതെ ആനന്ദവല്ലി ചേച്ചിയും. പിണങ്ങിയ സന്ദര്‍ഭങ്ങള്‍ നിരവധി ഉണ്ടായിരുന്നു. പക്ഷേ കഴിഞ്ഞ നാല് വര്‍ഷത്തോളം എന്റെ തണല്‍ പറ്റി നില്‍ക്കാനായിരുന്നു അവര്‍ക്കിഷ്ടം. ഉപദേശിച്ചും വഴക്ക് പറഞ്ഞും ഞാന്‍ കൊണ്ട് നടന്നു. മകന്‍ ദീപന്റെ മരണത്തോടെ വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു. ഒറ്റപ്പെട്ട് പോയ പോലെ, ജീവിക്കണ്ട എന്ന തോന്നല്‍. ഒരിക്കല്‍ ഗുരുവായൂരില്‍ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ ഞാന്‍ കാര്‍ ഓടിച്ച് കൊണ്ടു പോയി,പാലക്കാടും ഒറ്റപ്പാലത്തും യാത്ര ചെയ്തു. ഇടക്കിടെ യാത്രകള്‍ ചെയ്തു. സിനിമ കാണാന്‍ കൊണ്ട് പോയി.

സാമ്പത്തിക പ്രതിസന്ധിയും വല്ലാതെ അലട്ടിയിരുന്നു. ഞാന്‍ മഞ്ജു വാര്യരോട് പറഞ്ഞു.അന്ന് മുതല്‍ മഞ്ജു സഹായിക്കാന്‍ തുടങ്ങി.അല്ലെങ്കില്‍ അവര്‍ എന്നേ മരിച്ചു പോകുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മലയാള സിനിമയിലെ പ്രശസ്തരായ രണ്ട് ഡബിങ് ആര്‍ട്ടിസ്റ്റുകള്‍ മരിച്ചു.ആദ്യം അമ്പിളി,ഇപ്പൊള്‍ ആനന്ദവല്ലിയും. സിനിമയുമായി ബന്ധമുള്ള ആര് മരിച്ചാലും ആദ്യം അവിടെയെത്തി സ്വന്തം കുടുംബത്തിലെ ആരോ മരിച്ചത് പോലെ ഓടി ഓടി കാര്യങ്ങള്‍ നടത്തുന്നവരാണ് സുരേഷ്‌കുമാര്‍,മേനക,ജി എസ് വിജയന്‍,കിരീടം ഉണ്ണി,കല്ലിയൂര്‍ ശശി എന്നിവര്‍ പതിവ് പോലെ ഇവിടേയും അവര്‍ തന്നെയായിരുന്നു.

അമ്പിളിയും ആനന്ദവല്ലിയും പ്രായംകൊണ്ട് വളരേ വിത്യാസമുളളവരാണെങ്കിലും ഒരേ കാലഘട്ടത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചവരാണ്. മലയാള സിനിമയില്‍ ഇവര്‍ രണ്ടു പേരും ശബ്ദം നല്‍കാത്ത നായികമാരില്ലായിരുന്നു ഒരു പതിനഞ്ചു വര്‍ഷം മുമ്പ് വരെ. മരിച്ചു പോയ മോനിഷയെ കൂടാതെ അമ്പിളി ശബ്ദം നല്‍കിയ നടിമാരെല്ലാം ഇന്നും ജീവിച്ചിരിക്കുന്നു,അതേപോലെ ആനന്ദവല്ലി ശബ്ദം നല്‍കിയ നടിമാരുടെ പേരുകള്‍ എത്രയോ ആണ്. എത്രയോ വലിയ വലിയ സംവിധായകരുടെ സിനിമകളിലെ എത്രയോ നായികമാര്‍. പൂര്‍ണിമ, രേവതി, ഗീത, രാധിക, ശോഭന, സുഹാസിനി, ഊര്‍വ്വശി, സുമലത, പാര്‍വ്വതി അങ്ങനെ പറഞ്ഞാല്‍ തീരില്ല.

പക്ഷേ അമ്പിളി മരിച്ചപ്പോഴും ആനന്ദവല്ലി മരിച്ചപ്പോഴും ഇവരിലൊരാള്‍ പോലും അവസാനമായി ആ മുഖം കാണാന്‍ വന്നില്ല. നടിമാര്‍ മാത്രമല്ല സംവിധായകരും വന്നില്ല, എന്നത് ഒരു ഡബിങ് ആര്‍ട്ടിസ്റ്റ് എന്ന രീതിയില്‍ എനിക്ക് വല്ലാതെ വേദനിച്ചു. ഏറ്റവും ഒടുവില്‍ ഒരു പ്രണാമം അര്‍പ്പിക്കാനുളള വില പോലും ഇവരാരും ആ കലാകാരിക്ക് നല്‍കിയില്ല. എറണാകുളം അങ്ങ് ദുബായിലോ അമേരിക്കയിലോ അല്ലല്ലോ. കേവലം നാല് മണിക്കൂര്‍ കാര്‍ യാത്ര,അര മണിക്കൂര്‍ വിമാന യാത്ര. ദൂരെയുളളവരെ എന്തിന് പറയുന്നു.രണ്ട് കിലോമീറ്റര്‍ ദൂരത്തുളള സംവിധായകര്‍ പോലും വന്നില്ല, പിന്നെയാണോ.??എന്തിനാണ് കേവലം ഒരു ഡബിങ് ആര്‍ട്ടിസ്റ്റിനു വേണ്ടി അവരുടെ സമയവും പണവും ചിലവാക്കണം എന്നാവാം അവരൊക്കെ കരുതിയത്.

വലിയ വലിയ ആളുകളുടെ മരണത്തിനേ വിലയുളളു. കേവലം ഒരു ഡബിങ് ആര്‍ട്ടിസ്റ്റ് ന്റെ മരണം. അങ്ങനെ കരുതിയാല്‍ പിന്നെ എന്ത് പറയാന്‍. മാധ്യമങ്ങള്‍ നല്‍കിയ കരുതല്‍ പോലും നാല്പതു വര്‍ഷം പ്രവര്‍ത്തിച്ച ഈ രംഗം അവര്‍ക്ക് നല്‍കിയില്ല..???????? മറ്റൊരു വിരോധാഭാസം വിരലിലെണ്ണാവുന്ന ചില ഡബിങ് ആര്‍ട്ടിസ്റ്റ്കളൊഴികെ ഭൂരിഭാഗം ഡബിങ് ആര്‍ട്ടിസ്റ്റുകളും സഹ പ്രവര്‍ത്തകയെ,
ഒരു മുതിര്‍ന്ന ഡബിങ് ആര്‍ട്ടിസ്റ്റിനെ അവസാനമായി ഒരു നോക്ക് കാണാന്‍ വന്നില്ല എന്നതാണ്. പിന്നെന്തിനാണ് മറ്റുളളവരെ പറയുന്നത്. എങ്കിലും ഞങ്ങളുടെ ഇടയിലെ ഒരു കലാകരിയുടെ അന്ത്യ യാത്രയില്‍ ഞങളോടൊപ്പം നിന്ന ചില കലാകാരന്മാരെ സ്‌നേഹത്തോടെ ഓര്‍ക്കുന്നു.

https://www.facebook.com/photo.php?fbid=2419881044691686&set=a.692555490757592&type=3&theater