'നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല.. അവന്റെ പരിപാടിക്ക് ഞാന്‍ നൂറ് സ്മാര്‍ട്ട്‌ഫോണ്‍ സംഘടിപ്പിച്ചു വെച്ചിരിക്കുന്നുവെന്ന്'

മമ്മൂട്ടിയെ ‘ഡാ മമ്മൂട്ടി’ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഏറ്റവും അടുത്ത് സുഹൃത്തായിരുന്നു അന്തരിച്ച കെ.ആര്‍ വിശ്വംഭരന്‍ ഐഎഎസ്. മമ്മൂട്ടിയുടെ പിആഒ ആയ റോബര്‍ട്ട് ജിന്‍സിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ആയപ്പോള്‍ അദ്ദേഹത്തെ നേരില്‍ കാണാനും മമ്മൂട്ടി എത്തിയിരുന്നു.

കെ.ആര്‍ വിശ്വംഭരന്‍ മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിശ്വംഭരന്റെ അന്ത്യം. മമ്മൂട്ടിയുടെ പരിപാടിക്ക് 100 സ്മാര്‍ട്ട്‌ഫോണ്‍ സംഘടിപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞതിന് ശേഷമാണ് സര്‍ അഡ്മിറ്റായ വിവരം അറിയുന്നത് എന്നും റോബര്‍ട്ട് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

”ഡാ ജിന്‍സെ, എന്റെ കൈയില്‍ 100 പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ കിട്ടിക്കഴിഞ്ഞു.. നീ മമ്മൂട്ടിയെ വിളിച്ചു പറ.. ഞാന്‍ പറഞ്ഞാല്‍ അവന്‍ ഞെട്ടില്ല.. നീ തന്നെ പറ, അവന്റെ പരിപാടിക്ക് ഞാന്‍ സംഘടിപ്പിച്ചു വെച്ചിരിക്കുന്നു എന്ന്…. ‘എന്നോട് ഇങ്ങനെ പറഞ്ഞ് രണ്ടു നാള്‍ കഴിഞ്ഞാണ് സാര്‍ അഡ്മിറ്റ് ആയ വിവരം അറിയുന്നത്..”

”എത്ര വിലപ്പെട്ടവനാണ് പ്രിയപ്പെട്ടവനാണ് എന്ന് പറഞ്ഞറിയിക്കാന്‍ വയ്യ… മമ്മൂക്കയെ ‘ഡാ മമ്മൂട്ടി ‘ എന്ന് മുഖത്ത് നോക്കി വിളിക്കാന്‍ സ്വാതന്ത്ര്യം ഉള്ള എനിക്കറിയാവുന്ന ഒരേ ഒരാള്‍… ഞങ്ങളുടെ കെയര്‍ ആന്‍ഡ് ഷെയറിന്റെ ഒരു ഡയറക്ടര്‍! സാര്‍ വിട..” എന്നാണ് റോബര്‍ട്ട് പറയുന്നത്.

കൊച്ചിയിലെ കലാ, സാംസ്‌കാരിക, സാമൂഹിക മേഖലകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു ഡോക്ടര്‍ കെ.ആര്‍ വിശ്വംഭരന്‍. സ്വരലയ ഉള്‍പ്പെടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ അദ്ധ്യക്ഷനായിരുന്നു. മൃതദേഹം വൈകിട്ടോടെ കൊച്ചി മാമംഗലത്തെ വീട്ടിലെത്തിക്കും. സംസ്‌കാരം നാളെ രാവിലെ.