ബാലയ്യയെ ആരും ട്രോളരുത്, അദ്ദേഹം ഒരു മനോരോഗിയാണ്; എ. ആര്‍ റഹമാന് എതിരെ വിവാദപരാമര്‍ശം , ബാലകൃഷ്ണയ്‌ക്ക് എതിരെ പ്രതിഷേധം

എ ആര്‍ റഹ്മാന്‍ ആരെന്ന് തനിക്കറിയില്ലെന്നും ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നയൊക്കെ ഒരു പുരസ്‌കാരമാണോയെന്നും തെലുങ്കു നടന്‍ ബാലകൃഷ്ണ ഒരു അഭിമുഖത്തിനിടെ പരാമര്‍ശിച്ചത് വലിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.

“ഈ പുരസ്‌കാരങ്ങളൊക്കെ എന്റെ പാദത്തിന് സമമാണ്. തെലുങ്ക് സിനിമയ്ക്ക് എന്റെ കുടുംബം നല്‍കിയിട്ടുള്ള സംഭാവനകള്‍ക്കു മേലെയല്ല ഒരു അവാര്‍ഡും. എ ആര്‍ റഹ്മാന്‍ എന്നു പേരുള്ള ഒരാള്‍ ഓസ്‌കര്‍ അവാര്‍ഡ് നേടിയെന്ന് ഞാന്‍ കേട്ടു. റഹ്മാന്‍ ആരാണെന്നുപോലും എനിക്കറിയില്ല. ഭാരതരത്‌ന എന്‍ടിആറിന്റെ കാല്‍വിരല്‍ നഖത്തിന് സമമാണെന്നാണ് എനിക്കു തോന്നുന്നത്. അതിനാല്‍ ഈ പുരസ്‌കാരങ്ങളാണ് ലജ്ജിക്കേണ്ടത്, അല്ലാതെ എന്റെ കുടുംബമോ അച്ഛനോ അല്ല”, എന്നായിരുന്നു ബാലകൃഷ്ണയുടെ പ്രതികരണം.

ഇപ്പോഴിതാ നടനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധ കമന്റുകളും ട്രോളുകളും നിറയുകയാണ്. ബാലകൃഷ്ണ ഒരു മനോരോഗിയാണെന്ന് വരെ ട്രോളുകളില്‍ പറയുന്നുണ്ട്. യുക്തിക്ക് നിരക്കാത്ത അദ്ദേഹത്തിന്റെ സംഘട്ടന രംഗങ്ങള്‍ പങ്കുവെച്ചാണ് ചിലര്‍ നടനെ ട്രോളിയിരിക്കുന്നത്.