ലോറന്‍സിനെ അറിയാമോ; 'വധഭീഷണി' യില്‍ തുറന്നുപറഞ്ഞ് സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാനും പിതാവ് സലീം ഖാനും നേരെ വധഭീഷണിയുണ്ടായ കേസില്‍ താരത്തിന്റെ മൊഴിയിലെ വിവരങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. ലോറന്‍സ് ബിഷ്ണോയിയെ എല്ലാവര്‍ക്കും അറിയുന്നത് പോലെ തനിക്ക് അറിയാമെന്നും എന്നാല്‍ ഗോള്‍ഡി ബ്രാരിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും സല്‍മാന്‍ പറഞ്ഞു. ഗുണ്ടകളെ അറിയുമോ അവരുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

സല്‍മാനെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് ‘ എനിക്കാരെയും സംശയിക്കേണ്ട കാര്യമില്ലെ’ന്നായിരുന്നു താരം മറുപടി നല്‍കിയത്. തനിക്കോ തന്റെ കുടുംബത്തിലെ ആര്‍ക്കും അടുത്തിടെ വധഭീഷണിയില്ലെന്ന് അദ്ദേഹം പരാമര്‍ശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സല്‍മാന്‍ ഖാനും പിതാവ് സലിം ഖാനുമെതിരെ വധഭീഷണി കത്ത് ലഭിച്ചിരുന്നു. ബാന്ദ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നുമാണ് കത്ത് ലഭിച്ചത്. ‘മൂസെവാലയുടെ അവസ്ഥ തന്നെയാകും’ എന്നാണ് കത്തില്‍ പറയുന്നത്.

ബിഷ്‌ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന മാനിനെ വേട്ടയാടിയെന്നാരോപിച്ചായിരുന്നു വധഭീഷണി.സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുല്‍ കൊലപാതക കേസില്‍ 2020ല്‍ അറസ്റ്റിലായിരുന്നു.