ഡിസ്‌ലൈക്ക് ഗുണം ചെയ്തു; 'മൈ സ്റ്റോറി'യിലെ ഗാനം ഇതുവരെ കണ്ടത് 12 ലക്ഷം പേര്‍

മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാര്‍വതി-പൃഥ്വിരാജ് ഗാനത്തിന് ഡിസ്‌ലൈക്കുകള്‍ കൊണ്ടൊരു റെക്കോഡ് പിറന്നിരുന്നു. ഇഷ്ടമായില്ല എന്ന അര്‍ഥത്തില്‍ യുട്യൂബില്‍ ഈ പാട്ടിന് പ്രേക്ഷകര്‍ നല്‍കിയ ഡിസ്‌ലൈക്കുകളുടെ എണ്ണം ഒരു ലക്ഷമായി. ഒരു മലയാളം ചലച്ചിത്ര ഗാനവും യുട്യൂബില്‍ ഇത്രയേറെ ഡിസ്‌ലൈക്കുകള്‍ വാങ്ങിക്കൂട്ടിയിരുന്നില്ല. എന്നാല്‍ സത്യത്തില്‍ ഡിസ് ലൈക്കുകള്‍ പാട്ടിനു ഗുണം ചെയ്തിരിക്കുകയാണ്. 12 ലക്ഷം പേരാണ് ഇതുവരെ പാട്ടു കണ്ടിരിക്കുന്നത്.

പതുങ്ങി പതുങ്ങി എന്ന പാട്ട് ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും പാട്ടിന്റെ ഗാനരംഗത്തില്‍ അഭിനയിച്ച നടി പാര്‍വതി മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ചു നടത്തിയ പരാമര്‍ശങ്ങളാണ് പാട്ടിന് ഡിസ്ലൈക്കുകളായി എത്തിയതെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

സോഷ്യല്‍ മീഡിയകളില്‍ ഇതേ സംബന്ധിച്ചുള്ള പ്രേക്ഷക പ്രതികരണം വ്യക്തമാക്കുന്നത് അതാണ്. പാട്ടിന്റെ ഓഡിയോയെക്കാളും വിഡിയോയാണ് വിമര്‍ശനം നേരിടുന്നത്. അഭിനേതാക്കളുടെ ഡാന്‍സും ലുക്കുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ്. ഇതേ സംബന്ധിച്ച് ഒട്ടേറെ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പ്രേക്ഷകരുടെ പ്രതികരണം ഏറെ വേദനയുണ്ടാക്കുന്നുവെന്നാണ് ഷാന്‍ റഹ്മാനും റോഷ്‌നി ദിനകറും പ്രതികരിച്ചിരുന്നു