'മധുരരാജ'യ്ക്ക് ശേഷം വൈശാഖ് ഒന്നിക്കുന്നത് നിവിനൊപ്പം; ചിത്രം റൊമാന്റിക് എന്റര്‍ടെയ്‌നര്‍

മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി നായകനാകുമെന്ന് റിപ്പോര്‍ട്ട്. നിവിനെ നായകനാക്കി രാജീവ് രവി തുറമുഖം എന്ന ചിത്രം ഒരുക്കുന്നു എന്ന വാര്‍ത്ത വന്നതിനു പിന്നാലെയാണ് സ്ഥിരീകരിക്കാത്ത പുതിയ വിവരം പുറത്തു വരുന്നത്. തുറമുഖം എന്ന ചിത്രത്തിനു ശേഷമാകും നിവിനെ നായകനാക്കിയുള്ള വൈശാഖ് ചിത്രം ഒരുങ്ങുക.

ചിത്രത്തില്‍ നിവിന്‍ ഒരു വിദ്യാര്‍ത്ഥി നേതാവായി എത്തുമെന്നാണ് വിവരം. ചിത്രം ഒരു റൊമാന്റിക് എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് അറിയുന്നത്. ഉദയ കൃഷ്ണയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമമെന്നും അറിയുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന മധുരരാജയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് വൈശാഖ് ഇപ്പോള്‍. പോക്കിരിരാജയുടെ രണ്ടാം ഭാഗമായ മധുരരാജ വിഷു റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Read more

ഹനീഫ് അദേനി സംവിധാനം ചെയ്ത “മിഖായേല്‍” ആണ് നിവിന്റെ ഏറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനാവുന്ന “ലവ് ആക്ഷന്‍ ഡ്രാമ”യാണ് നിവിന്റേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ എന്ന സിനിമയിലും നിവിന്‍ പോളിയാണ് നായകനായി എത്തുന്നത്.