അവര്‍ വലിയ താരമാണെങ്കിലും ചിത്രീകരണം വളരെ എളുപ്പമായിരുന്നു; സണ്ണി ലിയോണിനെ കുറിച്ച് ഷീറോയുടെ സംവിധായകന്‍ ശ്രീജിത്ത്

സണ്ണി ലിയോണ്‍ നായികയായി മലയാളത്തില്‍ എത്തുന്ന ചിത്രമാണ് ഷീറോ. ചിത്രത്തില്‍ അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന ഇന്ത്യന്‍ വംശജയായ സാറ മൈക്ക് എന്ന കഥാപാത്രമായിട്ടാണ് സണ്ണി ലിയോണ്‍ എത്തുന്നത്. ചിത്രം സാധാരണ ത്രില്ലര്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നാണ് സംവിധായകന്‍ ശ്രീജിത്ത് വിജയന്‍ പറയുന്നത്.

ഒരു കുറ്റകൃത്യവും അന്വേഷണവും എന്നതിനപ്പുറത്തേക്ക് മാനസികനിലകളെ ആഴത്തില്‍ പഠിക്കുന്ന ചിത്രമായിരിക്കും ഷീറോയെന്ന് സംവിധായകന്‍ പറയുന്നു. ഷീറോയുടെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇപ്പോഴിതാ സണ്ണി ലിയോണിനൊപ്പമുള്ള ഷൂട്ടിംഗ് അനുഭവങ്ങളെ കുറിച്ച് എന്റര്‍ടെയ്ന്‍മെന്റ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീജിത്ത് പറയുന്നതിങ്ങനെ

അവര്‍ വളരെ പ്രൊഫഷണലാണ്. എല്ലാത്തിലും ഈ പ്രൊഫഷണിലിസം കാണാം. തന്റെ വര്‍ക്കിനെ കുറിച്ച് അവര്‍ വളരെ സീരിയസാണ്. ഷൂട്ടിന് മുന്‍പ് ഞങ്ങള്‍ ഒരു വര്‍ക്ക് ഷോപ്പ് വെച്ചിരുന്നു. സൗത്ത് ഇന്ത്യയില്‍ ഇത്തരത്തില്‍ കാര്യമായി വര്‍ക്ക് ഷോപ്പുകള്‍ നടത്താറില്ല. പക്ഷെ ഈ വര്‍ക്ക് ഷോപ്പ് ഷൂട്ടിംഗ് വേഗത്തില്‍ നടത്താന്‍ ഞങ്ങളെ ഏറെ സഹായിച്ചു.

സണ്ണി ലിയോണ്‍ ഈ ഒരാഴ്ചത്തെ വര്‍ക്ക് ഷോപ്പില്‍ പൂര്‍ണ്ണമായും പങ്കെടുത്തിരുന്നു. അവരെ പോലെയുള്ള ഇത്രയും വലിയ താരമായിരുന്നെങ്കിലും ഷൂട്ടിംഗ് വളരെ എളുപ്പത്തില്‍ തന്നെ ചെയ്യാന്‍ കഴിഞ്ഞിരുന്നു,” ശ്രീജിത്ത് വിജയന്‍ പറഞ്ഞു.