'ഞാനാണ് അന്യന്റെ പൂര്‍ണ്ണ അവകാശി, ഇത് നിയമവിരുദ്ധം'; ഹിന്ദി റീമേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയച്ച് നിര്‍മ്മാതാവ്

“അന്യന്‍” ചിത്രത്തിന്റെ ഹിന്ദി റീമേക്കിനെതിരെ നിര്‍മ്മാതാവ് വി. രവിചന്ദര്‍. കഥയുടെ പൂര്‍ണ്ണ അവകാശിയായ തന്റെ അനുവാദമില്ലാതെ റീമേക്ക് ചെയ്യാനൊരുങ്ങുന്നത് നിയമവിരുദ്ധമാണെന്ന നോട്ടീസാണ് നിര്‍മ്മാതാവ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അന്യന്റെ ബോളിവുഡ് റീമേക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നത്.

അന്യന്‍ തമിഴ് ചിത്രത്തിന്റെ സംവിധായകന്‍ ശങ്കര്‍ ഒരുക്കുന്ന റീമേക്കില്‍ രണ്‍വീര്‍ സിംഗ് ആണ് നായകനായെത്തുന്നത്. ഇതിനെതിരെയാണ് നിര്‍മ്മാതാവ് രംഗത്തെത്തിയിരിക്കുന്നത്. അന്യന്റെ രചയിതാവ് സുജാതയില്‍ നിന്നും കഥയുടെ പൂര്‍ണ്ണ അവകാശം താന്‍ വാങ്ങിയിരുന്നു. അതിനാല്‍ തന്റെ അറിവില്ലാതെ ചിത്രത്തിന്റെ റീമേക്കോ, അനുകരണമോ ചെയ്താല്‍ അത് നിയമവിരുദ്ധമാണെന്നാണ് രവിചന്ദര്‍ പറയുന്നു.

വി. രവിചന്ദറിന്റെ കത്ത്:

അന്യന്‍ ഹിന്ദിയിലേക്ക് താങ്കള്‍ റീമേക്ക് ചെയ്യാന്‍ തീരുമാനിച്ചു എന്നത് ഞെട്ടലോടെയാണ് ഞാന്‍ അറിയുന്നത്. ഞാനാണ് അന്യന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. രചയിതാവ് സുജാതയില്‍ നിന്നും കഥയുടെ പൂര്‍ണ്ണ അവകാശം ഞാന്‍ വാങ്ങിയിരുന്നു. അതുമായി സംബന്ധിച്ച വിവരങ്ങളും രേഖകളും എന്റെ കൈവശമുണ്ട്.

അതിനാല്‍ ഞാനാണ് ഈ കഥയുടെ പൂര്‍ണ്ണ അവകാശി. അതുകൊണ്ട് തന്നെ അന്യന്റെ ഏത് രീതിയിലുള്ള റീമേക്കോ, അനുകരണമോ എന്റെ അറിവില്ലാതെ നടത്തിയാല്‍ അത് നിയമവിരുദ്ധമാണ്. ബോയ്‌സ് എന്ന നിങ്ങളുടെ ചിത്രം വിചാരിച്ചത്ര വിജയം കൈവരിക്കാത്തതില്‍ താങ്കള്‍ വളരെ വിഷമത്തിലായിരുന്നു. എന്നിട്ടും ഞാന്‍ അന്യന്‍ സംവിധാനം ചെയ്യാനുള്ള അവസരം താങ്കള്‍ക്ക് നല്‍കി.

അതിന് ശേഷമാണ് നിങ്ങള്‍ വീണ്ടും സംവിധായകന്‍ എന്ന രീതിയില്‍ ഉയര്‍ന്ന് വന്നത്. ഇക്കാര്യങ്ങളെല്ലാം മറന്നതിന് പുറമെ നിങ്ങള്‍ എന്നെ പോലും അറിയിക്കാതെ സൂപ്പര്‍ ഹിറ്റായ എന്റെ അന്ന്യന്‍ എന്ന ചിത്രത്തിന്റെ റിമേക്ക് ഹിന്ദിയിലേക്ക് നടത്താനായി തീരുമാനിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ ഒരു തരംതാണ പ്രവൃത്തി താങ്കളില്‍ നിന്നും പ്രതീക്ഷിച്ചില്ല. ഇതിനോടകം ഹിന്ദി റിമേക്കിന്റെ എല്ലാ കാര്യങ്ങളും നിര്‍ത്തിവെക്കേണ്ടതാണ്.