ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയേറെ; പ്രശംസകളുമായി സംവിധായകന്‍ സെല്‍വരാഘവന്‍

ഓസ്‌കര്‍ എന്‍ട്രിയായി തിരഞ്ഞെടുത്ത “ജല്ലിക്കെട്ട്” ചിത്രത്തെ അഭിനന്ദിച്ച് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ടിലൂടെ ഇത്തവണ ഓസ്‌കര്‍ ഇന്ത്യയിലെത്താന്‍ സാദ്ധ്യതയുണ്ട് എന്നാണ് സംവിധായകന്‍ ട്വീറ്റ് ചെയ്തിരിക്കുന്ത്.

വ്യക്തിപരമായി ഏറെ ആസ്വദിച്ച സിനിമയാണ് ജല്ലിക്കട്ടെന്നും ചിത്രം ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്‌കറിലെത്തുന്നത് സന്തോഷകരമായ കാര്യമാണെന്നും സെല്‍വരാഘവന്‍ ട്വീറ്റ് ചെയ്തു. 27 ചിത്രങ്ങളുടെ പട്ടികയില്‍ നിന്നാണ് ജല്ലിക്കട്ടിനെ ഓസ്‌കര്‍ എന്‍ട്രി ചിത്രമായി തിരഞ്ഞെടുത്തത്.

ഗുരു (1997) ആണ് മലയാളത്തില്‍ നിന്നും ആദ്യമായി ഓസ്‌കര്‍ എന്‍ട്രി ലഭിച്ച ചിത്രം. ആദാമിന്റെ മകന്‍ അബു (2011) എന്ന ചിത്രത്തിനും ഓസ്‌കര്‍ എന്‍ട്രി ലഭിച്ചിരുന്നു. ഗള്ളി ബോയ് ആയിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. എന്നാല്‍ ചിത്രം ഓസ്‌കര്‍ നോമിനേഷനില്‍ പരിഗണിക്കപ്പെട്ടില്ല.

2021 ഏപ്രില്‍ 25-ന് ലോസ് ആഞ്ജലീസില്‍ ആണ് 93-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങ് നടക്കുക. 2019-ല്‍ പുറത്തിറങ്ങിയ ജെല്ലിക്കട്ട് ഏറെ പ്രേക്ഷക ശ്രദ്ധയും നിരൂപണ പ്രശംസകളും നേടിയ ചിത്രമാണ്. നിരവധി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ജല്ലിക്കട്ട്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലിജോ ജോസ് പെല്ലിശേരിക്ക് ലഭിച്ചിരുന്നു.