സംവിധായകന്‍ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത്ത് ഇക്കാര്യം വ്യക്തമാക്കിയത്. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ ജീവിതമാണ് സിനിമയാകുന്നത് എന്നാണ് സൂചനകള്‍.
ഫഹദ് നായകനായ അന്നയും റസൂലും, അയാള്‍ ഞാനല്ല എന്നീ ചിത്രങ്ങളുടെ കഥ ഒരുക്കിയത് രഞ്ജിത്ത് ആയിരുന്നു. ഇതിന് ശേഷം എത്തുന്ന രഞ്ജിത്ത്-ഫഹദ് ചിത്രമാണിത്. താനിപ്പോള്‍ റിട്ടയര്‍മെന്റ് സ്‌റ്റേജിലാണെന്നും എങ്കിലും നല്ലൊരു വിഷയം വന്നതിനാല്‍ ഫഹദിനെ നായകനാക്കി കഥ എഴുതി തുടങ്ങി എന്നാണ് രഞ്ജിത്ത് പറയുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ സിനിമയെ കുറിച്ച് സംവിധായകന്‍ വ്യക്തമാക്കുന്നത്. 2018ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ഡ്രാമ ആണ് രഞ്ജിത്ത് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. തുടര്‍ന്ന് ഉണ്ട, അയ്യപ്പനും കോശിയും എന്നീ സിനിമകളിലൂടെ രഞ്ജിത്ത് അഭിനയരംഗത്തും തിളങ്ങി.
കിംഗ് ഫിഷ്, വണ്‍ എന്നീ ചിത്രങ്ങളിലും അഭിനേതാവായി രഞ്ജിത്ത് എത്തുന്നുണ്ട്. അതേസമയം, മാലിക് ആണ് ഫഹദിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇരുള്‍, തങ്കം, മലയന്‍കുഞ്ഞ്, പാട്ട്, പാച്ചുവും അത്ഭുത വിളക്കും, ജോജി തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.