വാര്‍ത്തകളില്‍ നിറഞ്ഞ് ദിലീപിന്റെ 'ശുഭരാത്രി'; വരാനിരിക്കുന്നത് ഫീല്‍ഗുഡ് കുടുംബ ചിത്രം തന്നെയെന്ന പ്രവചനവുമായി പ്രേക്ഷകര്‍

വ്യാസന്‍ കെ.പിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന ശുഭരാത്രി വാര്‍ത്തകളില്‍ നിറയുകയാണ്. ടീസറുകള്‍ക്കും പാട്ടിനും പിന്നാലെ ചിത്രത്തിന്റെ ട്രെയിലറും പുറത്തു വന്നതോടെ വരാനിരിക്കുന്നത് ഒരു ഫീല്‍ഗുഡ് കുടുംബ ചിത്രമാണെന്നാണ് പ്രേക്ഷകരുടെ പ്രവചനം. ട്രെയിലര്‍ പങ്കുവെച്ച ദിലീപിന്റെ പോസ്റ്റിന് താഴെ ശുഭരാത്രി ഫീല്‍ഗുഡ് മൂവിയായിരിക്കുമെന്നുമടക്കമുള്ള കമന്റുകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്.

അതേസമയം, അഞ്ച് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ട്രെയിലര്‍. യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കുന്ന “ശുഭരാത്രി” വ്യാസന്‍ കെ.പിയാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസന്‍ ഒരുക്കുന്ന സിനിമയാണിത്. കൃഷ്ണന്‍ എന്നാണ് ദിലീപിന്റെ കഥാപാത്രത്തിന്റെ പേര്. കൃഷ്ണന്‍ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്.കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശ കൊടുക്കുന്ന വലിയ ബിസിനസുകാരന്റെ മകള്‍ ശ്രീജയാണ് കാമുകി.

മകളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതോടെ ആകെ പ്രശ്‌നമായി.കാര്യം കൈ വിട്ടു പോകുമെന്നറിഞ്ഞപ്പാേള്‍ വിവരം കൃഷ്ണനെ അറിയിക്കുന്നു.തുടര്‍ന്നാണ് കൃഷ്ണന്‍ ശ്രീജയുടെ വീട്ടില്‍ വരുകയും ആ പ്രതേക്യ സാഹചര്യത്തില്‍ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നു.അമ്പലത്തില്‍ വെച്ച് വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് ശുഭരാത്രി”യില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയന്‍ ചേര്‍ത്തലയും രേഖ സതീഷും അഭിനയിക്കുന്നു.

ഗാഢമായ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്,ഒപ്പം,കുടുംബ പശ്ചാത്തലത്തില്‍ ഹൃദയ ബന്ധങ്ങളുടെയും വശ്യമായ പ്രണയ മുഹൂത്തങ്ങളും “ശുഭരാത്രി”യിലുണ്ട്. സിദ്ദിഖാണ് മറ്റൊരു കേന്ദ്രകഥാപത്രത്തെ അവതരിപ്പിക്കുന്നത്. ചെറുല്ലില്‍ മൊയ്തീന്‍കുഞ്ഞ് സാഹിബ് എന്ന വേഷത്തില്‍ സിദ്ദിഖും അഭിനയിക്കുന്നു.

കോടതി സമക്ഷം ബാലന്‍ വക്കീലായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ ദിലീപിന്റെ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ നിന്നും നല്ല പ്രതികരണം സ്വന്തമാക്കിയിരുന്നു. നിലവില്‍ ജാക്ക് ഡാനിയേല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ദിലീപുള്ളത്. ഇനി പ്രൊഫസര്‍ ഡിങ്കനാണ് ദിലീപിന്റേതായി വരാനിരിക്കുന്ന ചിത്രം. അതിന് മുന്‍പ് ശുഭരാത്രി എത്തും.