നാദിര്‍ഷാ ചിത്രത്തില്‍ ദിലീപ് നായകന്‍, തിരക്കഥ തൊണ്ടിമുതലിന്റെ എഴുത്തുകാരന്‍

ദിലീപ് ആരാധകര്‍ ഏറെ കാത്തിരുന്ന ഒന്നാണ് ദിലീപ് നാദിര്‍ഷാ കൂട്ടുകൊട്ടിലൊരു ചിത്രം. ഏറെക്കാലമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നുവെങ്കിലും ദിലീപുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ ചിത്രത്തിന് തടസ്സമായി. ദിലീപ് ജാമ്യത്തിലിറങ്ങിയതോടെ സിനിമ സംബന്ധിച്ച നടപടിക്രമങ്ങള്‍ വീണ്ടും ആരംഭിച്ചിട്ടുണ്ട്. നാദിര്‍ഷയുടെ തമിഴ് ചിത്രം ദിലീപിന്റെ കമ്മാരസംഭവം എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും നാദിര്‍ഷാ ദിലീപ് കൂട്ടുകൊട്ടിലൊരുങ്ങുന്ന ചിത്രം ആരംഭിക്കുന്നത്.

കേശു ഈ വീടിന്റെ നാഥന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എഴുതുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ സജീവ് പാഴൂരാണ്. ഫണ്‍, ഫാമിലി ഓറിയന്റഡ് സബ്‌ജെക്ടില്‍ തൊണ്ടിമുതലിലേത് പോലെ തന്നെ റിയലിസ്റ്റിക്കായുള്ള കഥപറച്ചിലായിരിക്കും ഉണ്ടായിരിക്കുക. ചിത്രത്തിന്റെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും തയാറായി ഇരിക്കുകയാണെങ്കിലും നാദിര്‍ഷ ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിലായതിനാല്‍ സിനിമ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

സജീവ് പാഴൂര്‍, തിരക്കഥാകൃത്ത്

സലീംകുമാര്‍ ചിത്രം ദൈവമേ കൈതൊഴാം കെകുമാറാകണം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം സംഗീതസംവിധാനവും നാദിര്‍ഷ നിര്‍വഹിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും കട്ടപ്പനയിലെ ഋത്വിക് റോഷന്റെ തമിഴ് പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനും ശേഷമായിരിക്കും ദിലീപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തിന്റെ കാസ്റ്റിംഗ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.