'ഇനി കശ്മീരില്‍ ചിത്രീകരിക്കാമല്ലോ'; ദിലീപ് പട്ടാളക്കാരനായെത്തുന്ന പുതിയ ചിത്രത്തെ കുറിച്ച് സംവിധായകന്‍ മേജര്‍ രവി

മേജര്‍ രവിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്. ബെന്നി പി നായരമ്പലം രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പട്ടാളക്കാരനായാണ് ദിലീപ് എത്തുക. നിയന്ത്രണരേഖയ്ക്ക് സമീപം ഡ്യൂട്ടിയിലുള്ള ഒരു സൈനികനാണ് ദിലീപിന്റെ കഥാപാത്രമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ പ്രണയജീവിതത്തിലേയ്ക്കാണ് സിനിമയുടെ ഫോക്കസ് എന്നും മേജര്‍ രവി ഏഷ്യാനെറ്റുമായുള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.

സാധാരണക്കാരനായ പട്ടാളക്കാരനാണ് ദിലീപിന്റെ കഥാപാത്രം. കശ്മീരാണ് ലൊക്കേഷനായി ആദ്യം ആലോചിച്ചിരുന്നത്. അവിടെ പ്രശ്‌നങ്ങള്‍ എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഉത്തരാഖണ്ഡില്‍ എവിടെയെങ്കിലും പോയി ചിത്രീകരിക്കാമെന്നും വിചാരിച്ചിരുന്നു. പക്ഷേ ഇനി അത്തരത്തിലുള്ള പ്രശ്‌നങ്ങളൊന്നും സംഭവിക്കുമെന്ന് കരുതുന്നില്ല. മേജര്‍ രവി പറഞ്ഞു.

അനുജന്‍ അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീപ് പൂര്‍ത്തിയാക്കിയതിന് ശേഷമാവും ഈ ചിത്രത്തിന്റെ ഷെഡ്യൂള്‍ പ്ലാന്‍ ചെയ്യുകയെന്നും മേജര്‍ രവി അറിയിച്ചു. അതേസമയം ടൊവീനോയെ നായകനാക്കി മറ്റൊരു സിനിമയും അദ്ദേഹം ആലോചിക്കുന്നുണ്ട്.