ചിരിപ്പിച്ച് മിന്നിച്ച് ബാലന്‍ വക്കീല്‍; സാറ്റ്‌ലൈറ്റ് അവകാശം വിറ്റു പോയത് വമ്പന്‍ തുകയ്ക്ക്

ഒരിടവേളയ്ക്ക് ശേഷം വെള്ളത്തിരയില്‍ ദിലീപ് വീണ്ടും വക്കീല്‍ കുപ്പായം അണിഞ്ഞ ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. പുറത്തിറങ്ങി രണ്ടാം വാരത്തിലും തിയേറ്ററുകളില്‍ നിറഞ്ഞ് ഓടുകയാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങിയ ബാലന്‍ വക്കീല്‍. കമ്മാരസംഭവത്തിനു ശേഷമെത്തിയ ദീലിപ് ചിത്രത്തെ വലിയ ആഘോഷങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചിരുന്നത്. ബോക്‌സ് ഓഫീസിലും മികച്ച നേട്ടം കൊയ്ത ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് അവകാശവും വമ്പന്‍ തുകയ്ക്ക് വിറ്റു പോയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

സൂര്യ ടിവിയാണ് സിനിമയുടെ ടെലിവിഷന്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ചു കോടി 80 ലക്ഷം രൂപയ്ക്കാണ് സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സിനിമ പുറത്തിറങ്ങിയ അഞ്ചു ദിവസത്തിനുളളില്‍ പത്ത് കോടി കളക്ഷന്‍ നേടിയതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരുടെയും പിന്തുണയാണ് ചിത്രത്തിന് വലിയ വിജയം സമ്മാനിച്ചിരിക്കുന്നത്.

ടു കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. സിദ്ധിഖ്,അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ബിന്ദു പണിക്കര്‍, ലെന, രഞ്ജി പണിക്കര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തി. ചിത്രത്തിന്റെ നിര്‍മ്മാണം വയാകോ 18 ആണ്.