ഡ്യൂപ്പില്ലാതെ ദിലീപിന്റെ സാഹസം; ജാക്ക് ഡാനിയല്‍ മേക്കിംഗ് വീഡിയോ

തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയലിന്റെ മേക്കിംഗ് വിഡിയോ റിലീസ് ചെയ്തു. ചിത്രത്തിലെ കഥാപാത്രത്തിനായി ദിലീപിന് ഏറ്റെടുക്കേണ്ടി വന്ന വെല്ലുവിളികള്‍ വീഡിയോയില്‍ കാണാം. തമിഴകത്തിന്റെ ആക്ഷന്‍ ഹീറോ അര്‍ജുനൊപ്പം ദിലീപ് ഒന്നിച്ച ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക.

2007ല്‍ റിലീസിനെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ജാക്ക് എന്ന കള്ളന്റെയും ജാക്കിനെ കീഴടക്കാന്‍ നടക്കുന്ന ഡാനിയല്‍ അലക്‌സാണ്ടര്‍ എന്ന സിബിഐ ഓഫിസറുടെയും കഥയാണ് ചിത്രം പറയുന്നത്. ആക്ഷന് പ്രാധാന്യമുള്ള സിനിമയില്‍ പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.

എന്‍ജികെ എന്ന സൂര്യ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച ശിവകുമാര്‍ വിജയന്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം. കോടികള്‍ മുടക്കി ഒരുങ്ങുന്ന ചിത്രം തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.