അത്തരം ആഭാസമൊന്നും ഞങ്ങള്‍ക്കില്ല; വിശദീകരണവുമായി ദിലീപ് ഫാന്‍സ് രംഗത്ത്

ദിലീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നടത്തുന്ന പരിപാടിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ദിലീപിന്റെ ഔദ്യോഗിക ഫാന്‍സ് ഗ്രൂപ്പ് ആയ ദിലീപ് ഫാന്‍സ് അസോസിയേഷന്‍.

വിശദീകരണക്കുറിപ്പ്

മേയ് 4 ന്, AKMA (അങ്ങനെ ഒരു സംഘടന ഉണ്ടോ എന്ന് അറിയില്ല) എന്ന സംഘടനയുടെ അംഗമായ അജിത്ത് കുമാര്‍ സി. എന്നയാള്‍ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എന്ന ബാനറിന് കീഴില്‍ എറണാകുളത്ത് നടത്തുവാന്‍ ഉദ്ദേശിക്കുന്ന പരിപാടികളുമായി ദിലീപ് ഫാന്‍സ് അസോസിയേഷനും അതുമായി ബന്ധപ്പെട്ട ആര്‍ക്കും യാതൊരു ബന്ധവുമില്ല എന്ന് അറിയിക്കുന്നു.

ഇത്തരം സമരപരിപാടികളില്‍ ദിലീപിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ പേരിലുള്ള സംഘടനകള്‍ക്കും വിശ്വാസമില്ല എന്ന് അറിയിക്കട്ടെ, ബഹുമാനപ്പെട്ട കോടതിയില്‍ ഇരിക്കുന്ന ഒരു കേസില്‍ ഇത്തരം ആഭാസത്തിന് മുതിരുന്നവരല്ല ഞങ്ങള്‍. ഞങ്ങള്‍ക്ക് കോടതികളില്‍ പൂര്‍ണ വിശ്വാസമുണ്ട്. നിലനില്‍പിനും ,വയറ്റിപ്പിഴപ്പിനും വേണ്ടി നടി ആക്രമണക്കേസിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകുന്ന ചില ചാനല്‍ നപുംസകങ്ങളുടെ വാക്കുകള്‍ കേട്ട് ഇറങ്ങുന്നവരുടെ കപട ഫാന്‍സ് അസോസിയേഷന്‍ നമ്പരുകളില്‍ വീഴരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.’

നേരത്തേ നടന്‍ ദിലീപിനെതിരെ നടക്കുന്ന വേട്ടയാടലുകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന തിരുവനന്തപുരത്ത് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ഒരുങ്ങിയിരുന്നു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു സെക്രട്ടറിയേറ്റിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. സിനിമാ -സീരിയല്‍ സംവിധായകന്‍ ശാന്തിവിള ദിനേശ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ എത്തിയെങ്കിലും പൊലീസ് ഇടപെട്ട് പ്രതിഷേധ മാര്‍ച്ച് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

Read more

ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് എകെഎംഎയുടെ വാദം. എകെഎംഎയുടെ സംസ്ഥാന പ്രസിഡന്റ് ആണ് അജിത്ത് കുമാര്‍.