കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം; കാത്തിരുന്നു കാണൂ എന്ന് ദിലീപ്

ദിലീപിനെ നായകനാക്കി എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ജാക്ക് ഡാനിയല്‍ റിലീസിനോട് അടുത്തിരിക്കുകയാണ്. അര്‍ജുന്‍ സര്‍ജയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ആക്ഷനും ഏറെ പ്രധാന്യം നല്‍കുന്ന സിനിമയാണ്. പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, മാഫിയ ശശി, സുപ്രീം സുന്ദര്‍ എന്നിങ്ങനെ നാല് സ്റ്റണ്ട് കൊറിയോഗ്രാഫര്‍മാരാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ച വാക്കുകള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്.

‘കേട്ടറിവിനേക്കാള്‍ വലുതാണ് മുരുകന്‍ എന്ന സത്യം’ എന്ന പുലിമുരുകന്‍ സിനിമയില്‍ സൂപ്പര്‍ഹിറ്റായി മാറിയ ഡയലോഗ് ഏറ്റെടുത്താണ് ദിലീകുറിപ്പ്. ‘കേട്ടറിവിനേക്കാള്‍ വലുതാണ് പീറ്റര്‍ ഹെയ്ന്‍ എന്ന സത്യം, കാത്തിരുന്നു കാണൂ.’ എന്നാണ് പീറ്റര്‍ ഹെയ്‌നൊപ്പമുള്ള ചിത്രം പങ്കുവെച്ച് ദിലീപ് കുറിച്ചത്. അതിഗംഭീര ഫൈറ്റ് സീക്വന്‍സുകളാണ് ചിത്രത്തിനായി പീറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗ്ഗീസ് എന്നവരും ചിത്രത്തിലുണ്ട്. എന്‍ജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ള ശിവകുമാര്‍ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതസംവിധാനം ഗോപി സുന്ദറാണ്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം നവംബര്‍ 14 ന് തിയേറ്ററുകളിലെത്തും.