'മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല'; കമന്റിന് മറുപടി നല്‍കി ധര്‍മജന്‍

തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ നിരന്തരം ട്രോളുകളും പരിഹാസങ്ങളും നേരിടേണ്ടി വന്ന താരമാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. ഇപ്പോഴും താരത്തിന്റെ പോസ്റ്റുകളിലെ പൊങ്കാല അവസാനിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ധര്‍മജന്‍ പങ്കുവച്ച ഒരു ചിത്രത്തിന് വന്ന കമന്റിന് താരം കൊടുത്ത മറുപടിയാണ് വൈറലാകുന്നത്.

ഗുഡ് മോണിംഗ് എന്ന ക്യാപ്ഷനോടെയാണ് തന്റെ ചിത്രം ധര്‍മജന്‍ പങ്കുവച്ചത്. “”ഗുഡ് മോര്‍ണിംഗ് മുഖത്തു നോക്കുമ്പോള്‍ അറിയാം ഇന്നലെ കഴിച്ചതിന്റെ പിടുത്തം മാറിയിട്ടില്ല”” എന്ന പരിഹാസ കമന്റിനാണ് താരം മറുപടി നല്‍കിയത്. “”താഴ്ത്തിക്കെട്ടരുത്, ഞാന്‍ ഒരു പാവമല്ലേ”” എന്നായിരുന്നു ധര്‍മജന്റെ മറുപടി.

മറ്റ് കമന്റുകള്‍ക്കും താരം മറുപടി നല്‍കുന്നുണ്ട്. ബാലുശ്ശേരിയില്‍ എന്തുണ്ട് എന്ന കമന്റിന് തോറ്റു എന്നാണ് താരത്തിന്റെ മറുപടി. തോറ്റ എംഎല്‍എ എന്ന കമന്റുകളോടും താരം പ്രതികരിക്കുന്നുണ്ട്. പിന്നാലെ താരത്തെ അനുകൂലിച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

ദിലീപ് ചിത്രം പാപ്പി അപ്പച്ചയിലൂടെയാണ് ധര്‍മജന്‍ സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായി. കൃഷ്ണന്‍കുട്ടി പണി തുടങ്ങി ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.