നടന്‍ ധര്‍മ്മജന് സീറ്റ് നല്‍കില്ല; വൈപ്പിനില്‍ മത്സരിക്കാന്‍ പരിചയസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളുണ്ടെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം

വൈപ്പിന്‍ മണ്ഡലത്തില്‍ നിന്നും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി യുഡിഎഫ് ജില്ലാ നേതൃത്വം. അടുത്തിടെയാണ് ധര്‍മജന്‍ വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചാരണങ്ങള്‍ എത്തിയത്. ഈ വാര്‍ത്തകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് അങ്ങനെയൊരു ആലോചനയും നടക്കുന്നില്ലെന്ന് യുഡിഎഫ് ജില്ലാ നേതൃത്വം വ്യക്തമാക്കിയത്.

പാര്‍ട്ടി പ്രവര്‍ത്തനത്തിലും രാഷ്ട്രീയത്തിലും പരിചയസമ്പത്തുള്ള നിരവധി മുതിര്‍ന്ന നേതാക്കള്‍ ജില്ലയിലുണ്ട്. അവരെ മറികടന്ന് ധര്‍മജന് സീറ്റ് നല്‍കില്ല. ഇത്തരത്തില്‍ ഒരു ആലോചനയും നടക്കുന്നില്ലെന്നും യുഡിഎഫ് ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്‍ ന്യൂസ് 18നോട് പറഞ്ഞു.

ധര്‍മജന്‍ സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത പ്രചരിച്ചതോടെ താന്‍ പാര്‍ട്ടി അനുഭാവി ആയതിനാല്‍ ആരോ പടച്ചുവിട്ട വാര്‍ത്തയാണിത് എന്നാണ് താരം പ്രതികരിച്ചത്. ഇതൊന്നും താനൊറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല, കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേര്‍ന്നെടുക്കേണ്ട തീരുമാനമാണെന്നാണ് ധര്‍മജന്‍ മനോരമയോട് പറഞ്ഞത്.

വൈപ്പിനില്‍ സ്ഥാനാര്‍ത്ഥി ആകുന്നുവെന്ന് ഒരു പ്രസ്താവന പോലും താന്‍ നടത്തിയിട്ടില്ല. പുതിയ ആള്‍ക്കാരെ പരിഗണിക്കുന്നു എന്നതും വൈപ്പിന്‍ തന്റെ ഏരിയയും ആയതിനാലാകാം അത്തരത്തിലൊരു വാര്‍ത്ത വന്നതെന്നുമാണ് താരം പറഞ്ഞത്. ആറാം ക്ലാസില്‍ പഠിക്കുന്നത് മുതല്‍ താന്‍ പാര്‍ട്ടി പ്രവര്‍ത്തകനാണ്.

പാര്‍ട്ടിക്കു വേണ്ടി സമരം ചെയ്ത് ജയിലില്‍ വരെ കിടന്ന ആളാണ് താന്‍. മത്സരിക്കാനാണെങ്കില്‍ തന്നെ കോണ്‍ഗ്രസിലേക്കേ താന്‍ പോവുകയുള്ളു, രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ മുഴുവന്‍ സമയവും അതിനായ് മാറ്റിവെയ്ക്കണമെന്നാണ് അഭിപ്രായം എന്നാല്‍ ഇത് രാഷ്ട്രീയക്കാര്‍ക്കുള്ള ഉത്തരമായി കാണേണ്ടെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.