ദുരിതബാധിതര്‍ക്കുള്ള സഹായധനം കൃത്യമായി വിതരണം ചെയ്തില്ലെന്ന വിവാദ പരാമര്‍ശം; നടന്‍ ധര്‍മ്മജന്റെ പേജില്‍ അസഭ്യവര്‍ഷം

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായധനം ഇതുവരെയും കൃത്യമായി വിതരണം ചെയ്തിട്ടില്ലെന്ന നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ പ്രതികരണത്തിലായിരുന്നു ധര്‍മജന്റെ വിവാദ പരാമര്‍ശം. “കഴിഞ്ഞ പ്രളയത്തിനു ശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വളരെ പെട്ടന്നു തന്നെ കോടികള്‍ എത്തി. എന്നാല്‍ അതേ വേഗതയില്‍ ആ തുക അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിയില്ല,” എന്നായിരുന്നു ധര്‍മജന്റെ പ്രസ്താവന. താരം താമസിക്കുന്ന വരാപ്പുഴ പഞ്ചായത്തിനെ ഉദാഹരിച്ചായിരുന്നു ധര്‍മജന്റെ പ്രതികരണം. ഈ പ്രസ്താവനയാണ് വ്യാപകമായ വിമര്‍ശനത്തിന് വഴി വച്ചത്. ഇതിനെത്തുടര്‍ന്ന് ധര്‍മ്മജന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വലിയ വിമര്‍ശനമാണ് നടനെതിരെ നിറയുന്നത്.

ധര്‍മജന്റെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പോലും ചിലര്‍ മുന്നോട്ടു വച്ചു. സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് കാലതാമസം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അതില്‍ രോഷം കൊള്ളുന്നതില്‍ അടിസ്ഥാനമില്ലെന്നും മറ്റു ചിലര്‍ പ്രതികരിച്ചു.

അതേസമയം, ധര്‍മജന്റെ പ്രസ്താവനയെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തി. ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ ധര്‍മജന്‍ മാതൃകയാണെന്നായിരുന്നു അവരുടെ നിലപാട്. ധമാക്ക എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് ധര്‍മജന്‍ ഇപ്പോള്‍.