'ക്യാപ്റ്റന്‍ മില്ലറി'ല്‍ മൂന്നുലുക്കുകളില്‍ ധനുഷ്; ആകാംക്ഷയോടെ ആരാധകര്‍

അരുണ്‍ മാതേശ്വരരന്‍ സംവിധാനം ചെയ്ത് ധനുഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ക്യാപ്റ്റന്‍ മില്ലര്‍’ പ്രഖ്യാപിച്ചതിന് പിന്നാലെ ചിത്രത്തില്‍ ധനുഷിന് മൂന്ന് വ്യത്യസ്ത ലുക്കുകളുണ്ടാകുമെന്ന് സ്ഥിരീകരിച്ച് റിപ്പോര്‍ട്ടുകള്‍. എന്റര്‍ടെയ്ന്‍മെന്റ് ട്രാക്കര്‍ രമേശ് ബാലയാണ് ആരാധകര്‍ക്കായി വിവരം പങ്കുവച്ചത്.

ഇന്നലെയായിരുന്നു കൗതുകകരമായ അനൗണ്‍സ്മെന്റ് വീഡിയോയിലൂടെ ‘ക്യാപ്റ്റന്‍ മില്ലര്‍’ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. 1930 – 40 കാലഘട്ടങ്ങളില്‍ മദ്രാസ് പ്രസിഡന്‍സിയുടെ പശ്ചാത്തലത്തില്‍ ആണ് കഥ നടക്കുന്നത്. മുഖത്ത് സ്‌കാര്‍ഫ് ധരിച്ച് ബൈക്ക് ഓടിക്കുന്ന ധനുഷിനെയും വീഡിയോയില്‍ കാണാം.

‘ക്യാപ്റ്റന്‍ മില്ലര്‍… ഇത് വളരെ ആവേശകരമായിരിക്കും,’ എന്നായിരുന്നു അനൗണ്‍സ്മെന്റ് വീഡിയോ പങ്കുവച്ചുകൊണ്ട് ധനുഷ് എഴുതിയത്. സംവിധായകന്‍ അരുണ്‍ മതേശ്വരന്റെ മുന്‍കാല ചിത്രങ്ങളായ റോക്കി, സാനികായിധം എന്നിവയുടേതില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രത്തിന്റെ ജോണര്‍. പിരിയഡ് ആക്ഷന്‍ ഡ്രാമയാണ് ചിത്രം.

അരുണ്‍ മതേശ്വരന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് ആണ്. കൂടാതെ സെന്തില്‍ ത്യാഗരാജനും, അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശ്രേയാസ് കൃഷ്ണയും, കലാസംവിധാനം ടി രാമലിംഗവും ആണ് നിര്‍വ്വഹിക്കുന്നത്. മദന്‍ കാര്‍ക്കിയും പൂര്‍ണ്ണ രാമസ്വാമിയും ചെന്നാണ് സംഭാഷണങ്ങള്‍ ഒരുക്കുന്നത്. കാവ്യ ശ്രീറാം വസ്ത്രാലങ്കാരം ഒരുക്കുമ്പോള്‍ ദിലീപ് സുബ്ബരായനാണ് ക്യാപ്റ്റന്‍ മില്ലറുടെ സംഘട്ടന രംഗങ്ങള്‍ ഒരുക്കുക. ചിത്രത്തിന്റെ താര നിരയോ കൂടുതല്‍ വിവരങ്ങളോ പങ്കുവച്ചിട്ടില്ല. ഒരേസമയം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിന് എത്തും.