മക്കള്‍ക്കൊപ്പം ധനുഷ്; കണ്ടാല്‍ സഹോദരങ്ങളെ പോലെയെന്ന് ആരാധകര്‍

ഐശ്വര്യ രജനീകാന്തുമായുള്ള വിവാഹമോചനത്തിന് ശേഷം ആദ്യമായി മക്കളുമായി പൊതുവേദിയിലെത്തിയ ധനുഷിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മക്കളായ യത്ര, ലിംഗരാജ എന്നിവര്‍ക്കൊപ്പം ഇളയരാജയുടെ സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ധനുഷ്.

പൊതുവേദികളില്‍ മക്കള്‍ക്കൊപ്പം വളരെ വിരളമായി മാത്രമെ ധനുഷ് പ്രത്യക്ഷപ്പെടാറുള്ളൂ. അതുകൊണ്ട് തന്നെ ആരാധകരും ചിത്രം ഏറ്റെടുത്തു. ‘സഹോദരങ്ങള്‍ ഒരുമിച്ച് ഇരിക്കുന്നപോലെയാണ് ചിത്രം കാണുമ്പോള്‍ തോന്നുന്നത്, അച്ഛനും മക്കളും ആണെന്ന് തോന്നുന്നില്ല’ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍.

 

18 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഈ വര്‍ഷം ജനുവരിയിലാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നതായി പ്രഖ്യാപനം നടത്തിയത്. ”സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷം ഒരുമിച്ചു. വളര്‍ച്ചയും മനസ്സിലാക്കലും പൊരുത്തപ്പെടുത്തലും ആയിട്ടായിരുന്നു യാത്ര. ഇന്ന് നമ്മള്‍ വേര്‍പിരിയുന്ന വഴിയിലാണ് നില്‍ക്കുന്നത്.

ഞാനും ഐശ്വര്യയും അതിന് തീരുമാനിച്ചു. ദമ്പതികളെന്ന നിലയില്‍ വേര്‍പിരിയുക, വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാന്‍ സമയമെടുക്കുക. ദയവായി ഞങ്ങളുടെ തീരുമാനത്തെ മാനിക്കുകയും ഇത് കൈകാര്യം ചെയ്യാന്‍ ആവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കുകയും ചെയ്യുക”-ഇരുവരും ചേര്‍ന്നിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി.