ദീപികയുടെ പിറന്നാളില്‍ ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്

ബോളിവുഡ് താരം ദീപിക പദുക്കോണ്‍ തന്റെ ജന്മദിനമായ ഇന്ന് ആരാധകര്‍ക്ക് ഒരുക്കിവെച്ചിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസ്. ജന്‍മദിനം ആഘോഷിക്കാന്‍ ശ്രീലങ്കയിലെത്തിയ താരത്തിന്റെ വിവാഹ നിശ്ചയവും ആഘോഷത്തിനൊപ്പം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടന്‍ തന്നെയായ രണ്‍വീര്‍ സിങ്ങുമായാണ് ദീപിക വിവാഹിതയാവുന്നത്.

താരങ്ങള്‍ തമ്മില്‍ ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്ന ബിടൗണ്‍ സംസാരങ്ങള്‍ക്കിടയിലാണ് വിവാഹ നിശ്ചയം നടക്കുന്നതെന്നാണ് സൂചന. നിശ്ചയ ചടങ്ങുകള്‍ ജന്മദിനത്തിന്റെ ഭാഗമായുള്ള ആഘോഷങ്ങള്‍ക്കൊപ്പം നടക്കുമെന്നാണ് സൂചന. അതേസമയം, വിവാഹവും ഇവിടെ വെച്ചുതന്നെ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കോഹ്ലി-അനുഷ്‌ക്ക വിവാഹത്തിന്റെ അലയൊലികള്‍ സെലിബ്രിറ്റി ലോകത്ത് നിന്നും മാറുന്നതിനിടയിലാണ് ബിടൗണ്‍ പുതിയ ദമ്പതികളെ സ്വീകരിക്കാനൊരുങ്ങുന്നത്.

2013ല്‍ പുറത്തിറങ്ങിയ രാംലീലയുടെ സെറ്റില്‍വെച്ചാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. പിന്നീട് ഇരുവരെയും പല വേദികളില്‍ ഒരുമിച്ച് കാണുന്നത് പതിവായതോടെയാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് ബി ടൗണില്‍ നിന്ന് വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്.