ഇത് ലക്ഷ്മി തന്നെ, ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക, ലുക്ക് കണ്ട് അമ്പരന്ന് ആരാധകര്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായി ദീപിക പദുകോണെത്തുന്ന ചപ്പാക്കിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസായി. മാലതി…എന്നെന്നും എന്റെയൊപ്പം എന്നും ചേര്‍ന്നുനില്‍ക്കുന്ന കഥാപാത്രമെന്ന കുറിപ്പോടെ ദീപിക തന്നെയാണ് ലുക്ക് പുറത്തുവിട്ടത്. ഇതിനകം ദീപികയുടെ ലുക്കിനെ പ്രശംസിച്ച് ധാരാളം പേര്‍ കമന്റ് ചെയ്തു കഴിഞ്ഞു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി അഗര്‍വാള്‍ ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ ലക്ഷ്മി കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് പോരാടുന്ന ലക്ഷ്മി, “സ്റ്റോപ്പ് സെയില്‍ ആസിഡ്” എന്ന സ്ഥാപനവും നടത്തുന്നുണ്ട്. ഒപ്പം ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു. 2014ല്‍ യുണൈറ്റഡ് സ്റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരവും ലക്ഷ്മി ഏറ്റുവാങ്ങി.

ആലിയ ബട്ടിനെ കേന്ദ്രകഥാപാത്രമായൊരുക്കി “റാസി”ക്ക് ശേഷം മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ചപ്പാക്ക്”. ഇതാദ്യമായാണ് മേഘ്‌നയും ദീപികയും ഒരു ചിത്രത്തിനു വേണ്ടി കൈകോര്‍ക്കുന്നത്. . ദീപികയുടെ ആദ്യനിര്‍മ്മാണസംരംഭം എന്ന പ്രത്യേകത കൂടിയുണ്ട് “ചപ്പാക്കി”ന്.

“പദ്മാവതി”നു ശേഷം ഷാറൂഖ് ഖാന്റെ സീറോയില്‍ ഒരതിഥി വേഷത്തില്‍ മാത്രമാണ് പ്രേക്ഷകര്‍ ദീപികയെ കണ്ടത്. അതുകൊണ്ടു തന്നെ “പദ്മാവതി”നു ശേഷമുള്ള ദ്വീപികയുടെ തിരിച്ചുവരവാവും “ചപ്പാക്ക്”. 2020 ജനുവരി 10 ന് ചിത്രം റിലീസിനെത്തും.

https://twitter.com/deepikapadukone/status/1110022041950920710