സിനിമകള്‍ വലിയ വിജയമായതും രണ്‍വീര്‍ സിങ്ങുമായുള്ള പ്രണയവും ഒന്നും സന്തോഷിപ്പിച്ചില്ല; വിഷാദരോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ദീപിക പദുകോണ്‍

വിഷാദരോഗം പിടിമുറുക്കിയതിനെക്കുറിച്ചുള്ള ദീപികയുടെ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് സിനിമാലോകവും ആരാധകരും കേട്ടത്. ഇപ്പോഴിതാ ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്‌റോസ് ഗബ്രിയാസിസുമായി നടത്തിയ സംഭാഷണത്തില്‍ വിഷാദരോഗത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നടി.

ജീവിതത്തില്‍ തനിക്ക് മാനസികമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. പിന്തുണയ്ക്കുന്ന മാതാപിതാക്കളും നല്ലൊരു കരിയറും സ്‌നേഹബന്ധവും ഉണ്ടായിരുന്നു. എന്നാല്‍ ഒരുദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ തന്നെ തോന്നാത്ത അവസ്ഥ ഉണ്ടായി. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തലചുറ്റി വീണു. ഭാഗ്യത്തിന് വീട്ടിലെ സഹായി ഉണ്ടായിരുന്നത് കൊണ്ട് അവര്‍ പരിപാലിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ രക്തസമ്മര്‍ദം കൂടിയതാകാം എന്നു പറഞ്ഞു. വിശപ്പ് ഇല്ലാതായി, ഇടയ്ക്കിടെ പാനിക് അറ്റാക്ക് ഉണ്ടായി ശ്വാസം മുട്ടുന്ന അവസ്ഥയുണ്ടായി.”- ദീപിക പറയുന്നു.

ഒരിക്കല്‍ മാതാപിതാക്കള്‍ മുംബൈയില്‍ വന്നു. അവര്‍ തിരികെ പോകാന്‍ നേരം കരച്ചില്‍ നിയന്ത്രണം വിട്ട പോലെയായി. അവരുടെ നിര്‍ദേശപ്രകാരം ഡോക്ടറെ കണ്ടപ്പോഴാണ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉണ്ടെന്നു സ്ഥിരീകരിച്ചതെന്നു ദീപിക പറയുന്നു. വിഷാദരോഗം അനുഭവിക്കുന്നവര്‍ക്കു പിന്തുണ നല്‍കാന്‍ “ലീവ്, ലവ്, ലാഫ്” എന്ന പേരില്‍ ഒരു ഫൗണ്ടേഷന്‍ ദീപിക തുടങ്ങിയിട്ടുണ്ട്.