68-ാം വയസിലും സ്റ്റൈല്‍ മന്നന്‍ പുലിക്കുട്ടി; മരണമാസ് ‘ദര്‍ബാര്‍’ ലുക്ക്

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ‘ദര്‍ബാറി’ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മസില്‍ പെരുപ്പിച്ച് ഇരുമ്പു കമ്പിയില്‍ കൈപിടിച്ചു നില്‍ക്കുന്ന രജനിയുടെ കലിപ്പ് ലുക്കാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

‘ചെറുപ്പക്കാരന്‍, മിടുക്കന്‍, തന്ത്രശാലി, ശാഠ്യക്കാരന്‍. തലൈവറിന്റെ ഇതുവരെ കാണാത്ത അവതാരം.’ ദര്‍ബാറിന്റെ പുതിയ ചിത്രം പുറത്തുവിട്ട് സംവിധായകന്‍ മുരുഗദോസ് കുറിച്ചു. ചിത്രത്തില്‍ രജനികാന്ത് പൊലീസ് ഓഫീസറായാണ് വേഷമിടുന്നത്. നയന്‍താരയാണ് നായിക.

സര്‍ക്കാറി’നു ശേഷം മുരുഗദോസ് സംവിധാനം ചെയ്യുന്ന് ചിത്രമാണ് ‘ദര്‍ബാര്‍’. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ്, ദലിപ് താഹില്‍, സൂരി, ഹരീഷ് ഉത്തമാന്‍, മനോബാല, സുമന്‍, ആനന്ദരാജ്, റാവു രമേശ്, ബോസ് വെങ്കട്ട് എന്നിവരും കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘2.0’ന്റെ നിര്‍മ്മാതാക്കളും ലൈക പ്രൊഡക്ഷന്‍സ് ആയിരുന്നു. മുരുഗദോസിന്റെ ‘കത്തി’ (2014) എന്ന ചിത്രം നിര്‍മ്മിച്ചു കൊണ്ട് നിര്‍മ്മാണരംഗത്തേക്ക് കടന്നുവന്ന ലൈക പ്രൊഡക്ഷന്‍സ് വീണ്ടും മുരുഗദോസുമായി കൈകോര്‍ക്കുകയാണ്.