'പണത്തോട് ഇത്രയും കൊതിയാണോ, വളര്‍ത്തി വലുതാക്കിയവരോട് അല്പമെങ്കിലും കമ്മിറ്റ്‌മെന്റ് ഉണ്ടോ'; ആന്റണി പെരുമ്പാവൂരിന് എതിരെ സൈബർ ആക്രമണം

പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സിനിമാ മേഖലയില്‍ വലിയ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ഇപ്പോഴിതാ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിന് നേരെ സൈബറാക്രമണം കനക്കുകയാണ്്. ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പേജിലാണ് കമന്റുകള്‍. ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യണം എന്നത് തന്നെയാണ് ഇവരുടെ പ്രധാന ആവശ്യം.

മരക്കാര്‍ ഒടിടി റിലീസിനൊരുങ്ങുകയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. തിയേറ്ററിലും ഒടിടിയിലും ഒരേസമയം റിലീസ് ചെയ്യുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ് 100 കോടിയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയാണിതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.