കങ്കണയ്ക്ക് കോടതിയുടെ അവസാന താക്കീത്, ഇനിയും ഹാജരായില്ലെങ്കില്‍ 'അറസ്റ്റ് ചെയ്യും', ഹാജരാകാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍

ഗാനരചയിതാവ് ജാവേദ് അക്തറിനെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിന് താക്കീത് നല്‍കി മുംബൈ കോടതി. ചാനല്‍ ചര്‍ച്ചക്കിടെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ജാവേദ് അക്തര്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിലാണ് കോടതി ഇടപെടല്‍. സെപ്റ്റംബര്‍ 20ന് നടക്കുന്ന വിചാരണയില്‍ കങ്കണ ഹാജരായില്ലെങ്കില്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന് കോടതി താക്കീത് നല്‍കി. എന്നാല്‍ കങ്കണയ്ക്ക് ആ ദിവസം കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പുതിയ സിനിമക്ക് വേണ്ടിയുളള യാത്രയിലാണെന്നും അവര്‍ക്ക് കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ വിശദീകരണം. ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.

കങ്കണയുടെ അഭിഭാഷകന്റെ വാദം തള്ളിയ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര്‍ ആര്‍ ഖാന്‍ കേസ് സെപ്റ്റംബര്‍ 20-ലേക്ക് വിചാരണ മാറ്റിവെച്ചതായും, ഹാജരാകാത്ത പക്ഷം താരത്തിനെതിരെ വാറന്റ് പുറപ്പെടുവിക്കുമെന്നും പറഞ്ഞു. ഇതോടെ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ ഇളവു നല്‍കണമെന്ന് കങ്കണയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

ബോളിവുഡ് സിനിമ മേഖലയില്‍ നിരവധി പേരെ ആത്മഹത്യയിലേക്ക് നയിക്കുന്ന സംഘത്തിന്റെ തലവനാണ് ജാവേദ് അക്തര്‍ എന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. നിരവധി ദേശീയ മാധ്യമങ്ങളിലും താരം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കങ്കണയുടെ പരാമര്‍ശം തന്റെ പ്രതിഛായ തകര്‍ക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ജാവേദ് അക്തര്‍ പരാതി നല്‍കിയത്.