'അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്'; പുതിയ സിനിമ പ്രഖ്യാപിച്ച് ആര്‍ജിവി, വിവാദം

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയെ കുറിച്ചുള്ള വിവാദങ്ങളില്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ അടുത്ത സിനിമയുടെ പേര് “അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട്” എന്ന് ട്വീറ്റ് ചെയ്താണ് സംവിധായകന്റെ പ്രതികരണം.

ബോളിവുഡിനെ ഭയാനകമായ രീതിയില്‍ അവതരിപ്പിക്കുന്നു എന്ന് പറഞ്ഞ് അര്‍ണാബ് ഗോസാമിക്കെതിരെ ആര്‍ജിവി പ്രതികരിച്ചിരുന്നു. ദിവ്യ ഭാരതി, ജിയ ഖാന്‍, ശ്രീദേവി, സുശാന്ത് എന്നിവരുടെ മരണത്തെ ഒരു കേസായി സംയോജിപ്പിച്ച് കൊലപാതകി ബോളിവുഡാണെന്ന് അവകാശപ്പെടാന്‍ അര്‍ണബ് ഗോസാമിക്ക് കഴിയുമെന്ന് ആര്‍ജിവി ട്വീറ്റ് ചെയ്തിരുന്നു.

അതിനാല്‍ അര്‍ണാബ് ഗോസാമിയെ കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു എന്നും ആര്‍ജിവി പറഞ്ഞു. പിന്നാലെയാണ് അര്‍ണാബ്-ദ ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് എന്ന് സിനിമയുടെ പേരിട്ടതായി ആര്‍ജിവി ട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം ടാഗ് ലൈന്‍ മാറ്റുമെന്നും ആര്‍ജിവി പറഞ്ഞു.

കോവിഡ് ലോക്ഡൗണിനിടെ നിരവധി സിനിമകള്‍ ആര്‍ജിവി പ്രഖ്യാപിച്ചിരുന്നു. ലൈംഗികത പ്രമേയമാക്കി ഒരുക്കിയ നേക്കഡ് അടക്കമുള്ള ചിത്രങ്ങള്‍ കോടികള്‍ കളക്ഷന്‍ നേടിയതായും ആര്‍ജിവി വ്യക്തമാക്കിയിരുന്നു. പവന്‍ കല്യാണിന്റെ ജീവിതവും പരാജയമായ രാഷ്ട്രീയ ജീവിതവും പ്രമേയമാക്കി “പവര്‍ സ്റ്റാര്‍” എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്.