വിവാദങ്ങള്‍ വിട്ടൊഴിയാത്ത വിജയ് സിനിമകള്‍

പ്രേക്ഷകരുടെ പ്രതീക്ഷക്കറുതി വരുത്തി ഇന്നിതാ ഏറ്റവും പുതിയ വിജയ് ചിത്രം ‘ബീസ്റ്റ’് റിലീസായിരിക്കുകയാണ്. വിജയിയുടെ മാസ്സ് എന്റര്‍ടൈനര്‍ ചിത്രങ്ങള്‍ വലിയ ആഘോഷമാക്കുന്ന മലയാളികള്‍ ബീസ്റ്റിനായി കണ്ണും നട്ടിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. റിലീസ് ദിനമെണ്ണിക്കഴിഞ്ഞ ആരാധകര്‍ക്കു മുന്നില്‍ ആശ്വാസമായെത്തിയ ഏപ്രില്‍ 13 അതായത് ഇന്നലെ കേരളത്തിലെ 99.99 % തിയ്യറ്ററുകളിലൂടെയും ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. വിജയ് ചിത്രങ്ങള്‍ ആളുകളിലുണ്ടാക്കുന്ന ആവേശം ചെറുതല്ല. അദ്ദേഹത്തിന്റെ ഓരോ സിനിമാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലാകെ തരംഗമാകാറുണ്ട്. എന്നാല്‍ സിനിമകളുടെ പേരില്‍ വിവാദങ്ങളൊഴിയാത്ത നടനാണ് വിജയ്. പല സിനിമകളിലായി ഒരുപാട് വിവാദങ്ങളിലേക്ക് വിജയ് വലിച്ചിഴക്കപ്പെട്ടു. ഏതൊക്കെയാണ് വിവാദങ്ങള്‍ വിട്ടൊഴിയാത്ത വിജയ് സിനിമകള്‍ എന്ന് നോക്കാം.

നടന്‍ വിജയക്കെതിരെ അടുത്ത കാലത്തായി എന്തുകൊണ്ട് തുടര്‍ച്ചയായി വിവാദങ്ങളുണ്ടാകുന്നു എന്നന്വേഷിക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്താന്‍ കഴിയുന്ന കാരണം വിജയിയുടെ രാഷ്ട്രീയം തന്നെയാണ്. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയായ അദ്ദേഹം പലപ്പോഴായി പല വിഷയങ്ങളിലും നടത്തിയ പ്രതികരണങ്ങളിലൂടെ അത് വെളിപ്പെട്ടതാണ്. ജനാധിപത്യ വ്യവസ്ഥിതി, രാഷ്ട്രീയ അരാജകത്വം, ജാതീയ വേര്‍തിരിവ്, അഴിമതി, ഭരണകൂട നിസ്സംഗത തുടങ്ങിയവയായിരുന്നു അടുത്തകാലത്തിറങ്ങിയ വിജയ് ചിത്രങ്ങളുടെ പ്രമേയങ്ങള്‍. കലാസൃഷ്ടികള്‍ കത്രിക വെട്ടുകള്‍ക്കും നിരോധനത്തിനും വിധേയമാകുന്ന ഇക്കാലത്ത് നടനെ പ്രത്യേകിച്ചും, നിലപാടുകളുള്ള ഒരു നടനെ അതില്‍ നിന്നെല്ലാം ഒഴിച്ചു നിര്‍ത്താന്‍ വഴിയില്ലല്ലോ.

രാഷ്ട്രീയവും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമുള്ള തമിഴ്നാട്ടില്‍ സിനിമയില്‍ നിന്നുള്ള നിരവധി പേര്‍ രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട്. എം.ജി.ആര്‍, കരുണാനിധി, ജയലളിത, വിജയകാന്ത്, കമല്‍ഹാസന്‍, എന്നിവരില്‍ നിന്ന് തുടര്‍ന്ന് വിജയിലേക്ക് നീളുമോ അതെന്ന് തമിഴകം ചര്‍ച്ച ചെയ്ത് കഴിഞ്ഞതാണ്. അത്തരം അഭ്യൂഹങ്ങള്‍ ഇന്നും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയവും വിജയ് സിനിമകളും ഇടകലര്‍ത്തിയാണ് ഇതേവരെ വിവാദങ്ങള്‍ ഉണ്ടായിട്ടുള്ളത് എന്നുകാണാം.

2012ല്‍ റിലീസായ എ. ആര്‍ മുരുഗദോസിന്റെ ‘തുപ്പാക്കി’യെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത് ഒരു പോസ്റ്ററായിരുന്നു. ഈ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വിജയ് സിഗാര്‍ വലിക്കുന്ന ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതിനെതിരെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിജയ് സിഗരറ്റ് വലിയെ പ്രോത്സാഹിപ്പിച്ച് സമൂഹത്തെ വഴിതെറ്റിക്കുകയാണെന്ന ആരോപണമുന്നയിച്ചു. കൂടാതെ, മുസ്ലീങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച് സിനിമ സമൂഹത്തെ മോശമായി കാണിച്ചുവെന്ന് ആരോപിച്ച് ചില മുസ്ലീം അസോസിയേഷനുകളും രംഗത്തു വന്നിരുന്നു.

2013ല്‍ പുറത്തിറക്കിയ ‘തലൈവ’ രാഷ്ട്രീയ സംഘര്‍ഷം കാരണം തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യാന്‍ 11 ദിവസത്തെ കാലതാമസം നേരിട്ട ചിത്രമാണ്. ചിത്രത്തിന്റെ ടാഗ് ലൈനായിരുന്നു പ്രശ്നം. ‘ടൈം ടു ലീഡ്’ എന്ന ടാഗ് ലൈനോടുകൂടിയ ചിത്രത്തിന്റെ പേര് രാഷ്ട്രീയമായി പ്രകോപനപരമാണെന്ന് ആരോപണം ഉയര്‍ന്നു, അന്നത്തെ മുഖ്യമന്ത്രി ജയലളിതയുടെ രോഷവും ചിത്രത്തിനെതിരെയുണ്ടായി. ഒടുവില്‍ സിനിമയുടെ ടാഗ് ലൈന്‍ നീക്കം ചെയ്യുകയാണ് ഉണ്ടായത്.

എ ആര്‍ മുരുഗദോസിന്റെ തന്നെ സംവിധാനത്തില്‍ വന്ന ‘കത്തി’ തമിഴ് അനുകൂല സംഘടനകളില്‍ നിന്ന് കടുത്ത എതിര്‍പ്പ് നേരിട്ട ചിത്രമാണ്. 2014ലെ ഈ ചിത്രത്തിന്റെ നിര്‍മ്മാതാവിന് യുദ്ധക്കുറ്റം ആരോപിക്കപ്പെട്ട ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് സിനിമയുടെ റിലീസിനെതിരെ പ്രതിഷേധങ്ങളുണ്ടായി. ഒരു മള്‍ട്ടിനാഷണല്‍ കോള കമ്പനി തങ്ങളുടെ കൃഷിഭൂമി കൈയേറിയതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകരെയാണ് ഈ സിനിമ അവതരിപ്പിച്ചിരുന്നത്. വിജയ് മുമ്പ് കൊക്കകോളയ്‌ക്കൊപ്പം ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പേരിലും ചിത്രത്തിന് പഴികേള്‍ക്കേണ്ടി വന്നു.

അറ്റ്‌ലിയുടെ സംവിധാനത്തില്‍ 2017ലെത്തിയ ‘മെര്‍സല്‍’ലും വിവാദങ്ങളില്‍ നിന്ന് രക്ഷപ്പെട്ടില്ല. ചിത്രം തമിഴ്‌നാട് ബിജെപിയെ പ്രകോപിപ്പിച്ചപ്പോള്‍ ക്രിസ്ത്യാനി ആയതിനാല്‍ വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെറുക്കുന്നവെന്ന തരത്തില്‍ നിലവാരമില്ലാത്ത പല പരാമര്‍ശങ്ങളും പാര്‍ട്ടി ആരോപിച്ചു. വിജയ്‌യെ കലാകാരനായി മാത്രം കണ്ട ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയക്കാര്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണ് അന്നുണ്ടായത്.

വിജയ്‌യുടെ ‘സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ യഥാര്‍ത്ഥ പേരായ കോമളവല്ലി എന്ന പേരില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് വരലക്ഷ്മി ശരത്കുമാര്‍ അവതരിപ്പിച്ചത്. അതിനെത്തുടര്‍ന്ന് എഐഎഡിഎംകെ പാര്‍ട്ടിയില്‍ നിന്ന് വലിയ എതിര്‍പ്പാണ് 2018ല്‍ പുറത്തിറങ്ങിയ ഇൗ ചിത്രത്തിന് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ പുതിയ ചിത്രം ബീസ്റ്റിനും വെല്ലുവിളി നേരിടേണ്ടി വന്നിരിക്കുകയാണ്. പുറത്തിറങ്ങുന്നതിന് മുമ്പേ ആരോപണങ്ങളും വിലക്കുകളും സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിലെ പ്രധാന വില്ലനും സംഘവും ഇസ്ലാമിക തീവ്രവാദികളാണെന്നും പാകിസ്ഥാനെക്കുറിച്ച് സിനിമയില്‍ ചില ഡയലോഗുകള്‍ ഉണ്ടെന്നും തുടങ്ങി വലിയതോതില്‍ വര്‍ഗീയമായ പരാമര്‍ശങ്ങളാണ് സിനിമക്ക് നേരെ ഉണ്ടായത്.

വിവാദങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി വന്നെങ്കിലും അവയെല്ലാം വിജയ് സിനിമയ്ക്ക് വലിയ സഹായമാവുകയാണ് ചെയ്തതെന്നു തന്നെ പറയാം. ബോക്സോഫീസില്‍ തിളങ്ങുന്ന വിജയം നേടാന്‍ മിക്ക സിനിമകള്‍ക്കും കഴിഞ്ഞു. സിനിമയേയോ കലാകാരനേയോ എന്തിനെത്തന്നെയായാലും വിമര്‍ശനങ്ങള്‍ വര്‍ഗീയപരമായിത്തീരുന്നത് ഇന്നൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്.