കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരുന്ന് സിനിമ കാണാം; രാജ്യത്ത് തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ശിപാര്‍ശ

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സിനിമാ തിയേറ്ററുകള്‍ തുറക്കുന്നു. ലോക്ഡൗണിന്റെ ഭാഗമായി മാര്‍ച്ചിലാണ് തിയേറ്ററുകള്‍ അടച്ചത്. അണ്‍ലോക്ക് നാലാം ഘട്ടത്തില്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഉന്നതാധികാരസമിതി കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു.

സെപ്റ്റംബര്‍ ഒന്നോടെ തിയേറ്ററുകള്‍ മാത്രമുള്ള സമുച്ചയങ്ങള്‍ തുറക്കാനാണ് അനുമതി നല്‍കുക. മാളുകളിലെ മള്‍ട്ടി സ്‌ക്രീനിംഗ് തിയേറ്ററുകള്‍ക്കായിരിക്കും രണ്ടാംഘട്ടത്തില്‍ അനുമതി നല്‍കുക. സാമൂഹിക അകലം പാലിച്ചാണ് സ്‌ക്രീനിംഗ് നടത്തുക.

കുടുംബാംഗങ്ങള്‍ക്ക് അടുത്തടുത്തുള്ള സീറ്റുകളില്‍ ഇരിക്കാന്‍ അനുമതി നല്‍കുമെങ്കിലും മറ്റുള്ളവര്‍ക്ക് സീറ്റുകള്‍ ഇടവിട്ട് ഇരിക്കാനായിരിക്കും അനുമതി എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ബുക്കിംഗുകള്‍ക്കിടയില്‍ മൂന്ന് സീറ്റുകള്‍ ഒഴിച്ചിടണമെന്നാണ് നിലവിലെ ശിപാര്‍ശ.

Read more

ജൂണ്‍ ഒന്നു മുതലാണ് രാജ്യത്ത് അണ്‍ലോക്ക് പ്രക്രിയ ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്നുണ്ടായ ഭീമമായ തൊഴില്‍ നഷ്ടം പരിഗണിച്ചാണ് തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം. ജൂലൈയില്‍ മാത്രം 50 ലക്ഷം ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടമായിട്ടുണ്ട്. സംഘടിത മേഖലയില്‍ മാത്രം ആകെ തൊഴില്‍ നഷ്ടം രണ്ട് കോടിക്ക് അടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.