പുറത്തിറങ്ങാത്ത ചിത്രത്തിന് നിരൂപണം എഴുതി സിനിമാ മാസിക: റിപ്പോര്‍ട്ടില്‍ ഇനീഷ്യല്‍ കളക്ഷന്റെ പോലും വിവരങ്ങള്‍

കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ റിലീസ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് അടുത്ത ആഴ്ച്ചത്തേയ്ക്ക് മാറ്റി. ഇത് തിരിച്ചറിയാതെയാണ് മലയാളത്തിലെ ഒരു സിനിമാ മാസിക ഈ.മ.യൗവിന്റെ റിവ്യു പ്രസിദ്ധീകരിച്ചത്.

സിനിമ റിലീസ് ചെയ്തില്ലെന്ന് തിരിച്ചറിയാതെ ഇനീഷ്യലില്‍ നഗര പ്രദേശങ്ങളിലൊഴികെ കാര്യമായ ചലനം സൃഷ്ടിക്കുവാന്‍ ചിത്രത്തിനായില്ലെന്ന് വരെ റിപ്പോര്‍ട്ടില്‍ എഴുതി വെച്ചിട്ടുണ്ട്. രണ്ടാം ദിവസം മുതല്‍ കളക്ഷന്‍ കൂടി വരികയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. തെക്കന്‍ കേരളത്തിലെ മഴ സിനിമയുടെ കളക്ഷന് ദോഷകരമായി തുടങ്ങി സാങ്കല്‍പ്പിക കഥകള്‍ നീളുകയാണ്.

സിനിമ കാണാതെ റിവ്യു എഴുതുന്നുവെന്ന ആരോപണം പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ളത് ഓണ്‍ലൈന്‍ മീഡിയകളാണ്. എന്നാല്‍, ഓണ്‍ലൈന്‍ മാധ്യമങ്ങളെയും കടത്തിവെട്ടുന്ന രീതിയിലാണ് ഈ മാസികയുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച്ച ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ടിട്ടാണ് റിവ്യു എഴുതിയതെന്ന് വാദിക്കാമെങ്കിലും ഇനീഷ്യല്‍ കളക്ഷനും സെക്കന്‍ഡ് ഡേ കളക്ഷനും എങ്ങനെ ഇതില്‍ കടന്ന് കൂടി എന്ന ചോദ്യം പ്രസക്തമാണ്.