ബോക്‌സോഫീസ് വിറപ്പിക്കാന്‍ താരരാജാക്കന്‍മാര്‍ നേര്‍ക്കുനേര്‍

തീയേറ്ററുകളില്‍ ഓളം സൃഷ്ടിച്ച് ഓണം കടന്നുപോയി. ഇനി വരാനിരിക്കുന്നത് ക്രിസ്മസ് റിലീസുകളാണ്. ക്രിസ്മസ് റിലീസുകള്‍ക്കായി തീയേറ്ററുകള്‍ നിര്‍മാതാക്കള്‍ ഇതിനോടകം തന്നെ ബുക്ക് ചെയ്തു കഴിഞ്ഞു.
ബിഗ് ബ്രദറുമായി മോഹന്‍ലാലും ഷൈലോക്കുമായി മമ്മൂട്ടിയും അങ്കത്തട്ടില്‍ എത്തുമ്പോള്‍ മൈ സാന്റ എന്ന ചിത്രവുമായി ദിലീപും, ട്രാന്‍സുമായി ഫഹദ് ഫാസിലും, ഡ്രൈവിങ് ലൈസന്‍സുമായി പൃഥിരാജും എത്തുന്നു.

ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും അഭിനയിക്കുന്നു.

മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രത്തില്‍ തമിഴ് നടന്‍ രാജ് കിരണ്‍ പ്രധാനവേഷത്തിലെത്തുന്നു. മീനയാണ് നായിക. ഒരു കൊള്ളപ്പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൈ സാന്റ. ദിലീപും സുഗീതും ആദ്യമായി ഒന്നിക്കുന്ന ചിത്രം നിര്‍മിക്കുന്നത് വാള്‍ പോസ്റ്റര്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ്. സായ് കുമാര്‍, സിദ്ദിഖ്, ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി എന്നിവരും അഭിനയിക്കുന്നു. ഫൈസല്‍ അലിയാണ് ഛായാഗ്രഹണം. വിദ്യാസാഗറാണ് സംഗീതം.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ട്രാന്‍സ്. ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയും ട്രാന്‍സിനുണ്ട്. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, ആഷിക്ക് അബു, ബൈജു, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

9ന് ശേഷം പൃഥ്വിരാജ് വീണ്ടും നിര്‍മ്മാതാവും നായകനുമാകുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. കാറുകളോട് ക്രേസുള്ള സൂപ്പര്‍ സ്റ്റാറായാണ് പൃഥ്വി ചിത്രത്തിലെത്തുന്നത്. പൃഥിരാജ് പ്രെഡക്ഷന്‍സിനൊപ്പം മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ ലാലിന്റെ മകന്‍ ജീന്‍ പോളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായെത്തുന്നത്. ഒരു വമ്പന്‍ പോരാട്ടം തന്നെ ഇത്തവണ ക്രിസ്മസിന് നടക്കുമെന്ന് ഇതിനോടകം വ്യക്തമാണ്.