താന്‍ ഒരു ചിത്രം സംവിധാനം ചെയ്യുമെന്ന് വിക്രം; ഇന്റര്‍വ്യൂ ചെയ്ത മലയാളി അവതാരകനെയും സിനിമയിലെടുത്ത് ഞെട്ടിച്ച് താരം

മലയാളത്തില്‍ നിന്നും തമിഴകത്തിലേക്കു മടങ്ങി തമിഴ് സിനിമാലോകത്തെ പിടിച്ചു കുലുക്കിയ വിക്രം മലയാള മണ്ണിലേക്ക് പുതിയ ചിത്രത്തിന്റെ പ്രൊമോഷന് തിരിച്ചു വന്നപ്പോള്‍ ലോട്ടറി അടിച്ചത് ഒരു മലയാള ടിവി അവതാരകനാണ്. കദരം കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനാണു ചിയാന്‍ വിക്രം കേരളത്തില്‍ എത്തിയത്. വിക്രമിനെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വെള്ളിത്തിര എന്ന പരിപാടിയ്ക്ക് വേണ്ടി ഇന്റര്‍വ്യൂ ചെയ്ത ഹൈദര്‍ അലിയെ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയിലെടുത്താണ് വിക്രം ഞെട്ടിച്ചത്.

തന്റെ സംവിധാന മോഹം പങ്കുവെയ്ക്കവേയാണ് വിക്രം ഹൈദറെയും സിനിമയിലേക്ക് ക്ഷണിച്ചത്. ‘പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യും. ഒരു വര്‍ഷമോ പത്ത് വര്‍ഷമോ കഴിഞ്ഞാകാം അത് സംഭവിക്കുക. ധ്രുവിനെ വെച്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ധ്രുവ് രണ്ട് മൂന്ന് ഹിറ്റുകള്‍ നല്‍കിയതിന് ശേഷം മാത്രമാകും അത്’, വിക്രം പറഞ്ഞു. അവതാരകനായി വന്ന ഹൈദര്‍ അലിയെയും സിനിമയില്‍ അഭിനയിപ്പിക്കും എന്നു പറഞ്ഞ വിക്രം ചില സിറ്റുവേഷന്‍സ് അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെട്ടു. പറഞ്ഞ ഒരു രംഗം അഭിനയിപ്പിച്ച ഹൈദറിനോട് നല്ല നടനാണെന്നും അവസരം നല്‍കുമെന്നും പറഞ്ഞു.

പുതുമുഖങ്ങളെ വെച്ച് ചിത്രം സംവിധാനം ചെയ്യുമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വിക്രമിന്റെ സിനിമകളില്‍ ഇനി ഹൈദര്‍ അലിയെയും പ്രതീക്ഷിക്കാം. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് റിപ്പോട്ടര്‍ ആണ് ഹൈദര്‍ അലി.